
ബംഗളൂരു: മൈസൂരു നഗരവികസന അതോറിട്ടി (മുഡ ) ഭൂമിയിടപാട് കേസിൽ ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതിനുപിന്നാലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ലോകായുക്ത. കേസിൽ സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയതിനെതിരായ അപ്പീൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നാലെ സിദ്ധരാമയ്യക്കെതിരെ കേസെടുക്കാൻ ലോകായുക്ത പൊലീസിനോട് പ്രത്യേക കോടതി നിർദ്ദേശിക്കുകയും ചെയ്‌തു. ഇതിനുപിന്നാലെയാണ് ലോകായുക്ത എഫ്.ഐ.ആർ രേഖപ്പെടുത്തിയത്. സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയിൽനിന്ന് മുഡ 3.2 ഏക്കർ ഭൂമി ഏറ്റെടുക്കുകയും 14 പ്ലോട്ടുകൾ പകരം നൽകിയെന്നുമാണ് ആരോപണം. ഏറ്റെടുത്ത സ്ഥലത്തേക്കാൾ പതിന്മടങ്ങ് വിലയുള്ള ഭൂമിയാണ് നൽകിയതെന്ന് വിമർശനം ഉയർന്നു.