acharya

ജയ്‌പൂ‌ർ: രാജസ്ഥാനിലെ ജയ്പൂർ മുനിസിപ്പൽ കോർപ്പറേഷനിൽ ബി.ജെ.പി എം.എൽ.എ ഗോമൂത്രവും ഗംഗാജലവും ഉപയോഗിച്ച് ശുദ്ധീകരണ ചടങ്ങ് നടത്തിയത് വിവാദമാകുന്നു. ബി.ജെ.പി എം.എൽ.എ മുകുന്ദ് ആചാര്യയാണ് ചടങ്ങ് നടത്തിയത്. അഴിമതി ആരോപണത്തെത്തുടർന്ന് കോൺഗ്രസ് മേയ‌ർ പുറത്തായി പകരം ബി.ജെ.പി മേയർ ചുമതലയേൽക്കുന്നതിന്റെ ഭാഗമായായിരുന്നു ചടങ്ങ്. അഴിമതിയിൽ ഉൾപ്പെട്ടവരെ ശുദ്ധീകരിക്കാൻ ചടങ്ങ് അനിവാര്യമാണെന്ന് ബൽമുകുന്ദ് ആചാര്യ വിശദീകരിച്ചു. കോൺഗ്രസ് വിട്ടുവന്ന കൗൺസിലർമാരെ സ്വീകരിക്കുന്നതിന്റെയും ഭാഗമായാണ് ശുദ്ധീകരണം നടത്തിയത്. മന്ത്രങ്ങൾ ചൊല്ലിയാണ് ചടങ്ങുകൾ നടത്തിയത്. കൗൺസിലർമാരോടും ഉദ്യോഗസ്ഥരോടും ഗംഗാജലവും ഗോമൂത്രവും കുടിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. കോൺഗ്രസ് നേതാവ് പ്രതാപ് സിംഗ് നടപടികളെ ശക്തമായി അപലപിച്ചു, 'താങ്കൾ എം.എൽ.എയാണ്, ആത്മീയ നേതാവല്ല. കോൺഗ്രസ് കൗൺസിലർമാർ ഇപ്പോൾ ശുദ്ധരും സനാതനന്മാരുമാണെന്ന് എങ്ങനെ പ്രഖ്യാപിക്കും? സനാതന ധർമ്മത്തിന്റെ സ്വയം നിയോഗിക്കപ്പെട്ട കാവൽക്കാരനാണോ ബൽമുകുന്ദ് ആചാര്യ?

'ഈ കൗൺസിലർമാർ അശുദ്ധരാണെങ്കിൽ, നിങ്ങൾ എന്തിനാണ് അവരുടെ സഹായത്തോടെ ഒരു മേയറെ നിയമിച്ചത്?' - അദ്ദേഹം ചോദിച്ചു.

ഞങ്ങൾ കോർപ്പറേഷനെ ഗംഗാജലവും ഗോമൂത്രവും ഉപയോഗിച്ച് ശുദ്ധീകരിച്ചു, എല്ലാ മാലിന്യങ്ങളും നീക്കം ചെയ്തു, ബി.ജെ.പിയെ പിന്തുണച്ച കോൺഗ്രസ് കൗൺസിലർമാരെ 'സനാതനി' ആക്കി. ജയ്പൂർ മുനിസിപ്പൽ കോർപ്പറേഷനെ അഴിമതി രഹിതമാക്കി.
- മുകുന്ദ് ആചാര്യ