
ഹൈദരാബാദ്: ലഡു വിവാദം കത്തിനിൽക്കെ ഇന്ന് നടത്താനിരുന്ന തിരുപ്പതി ക്ഷേത്ര ദർശനം റദ്ദാക്കി വൈ.എസ്.ആർ കോൺഗ്രസ് അദ്ധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഡി. ദർശനത്തിന് അനുമതി നിഷേധിച്ചുവെന്നാണ് ജഗൻ മോഹൻ അറിയിച്ചത്. എന്നാൽ ആരോപണം ടി.ഡി.പി തള്ളി. ലഡു ആരോപണങ്ങളിലൂടെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ചെയ്ത പാപത്തിന് പ്രായശ്ചിത്തം ചെയ്യാനാണ് ക്ഷേത്ര ദർശനം നടത്തുന്നതെന്നാണ് ജഗൻ മോഹൻ പറഞ്ഞിരുന്നത്.
വൈ.എസ്.ആർ ഭരണകാലത്ത് തിരുപ്പതിയിലെ പ്രസാദമായ ലഡു നിർമ്മിക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്നായിരുന്നു നായിഡു ആരോപിച്ചത്. കണ്ടെത്തലിന്റെ ലാബ് റിപ്പോർട്ട് പുറത്തുവിടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ജഗൻ ക്ഷേത്ര ദർശനം നടത്തുമെന്ന് പ്രഖ്യാപിച്ചത്.
എന്നാൽ അഹിന്ദുക്കൾ ക്ഷേത്ര ദർശനം നടത്തണമെങ്കിൽ ഇതിനുവേണ്ടിയുള്ള പ്രസ്താവനയിൽ ഒപ്പിടണമെന്ന് ടി.ഡി.പിയും സഖ്യകക്ഷിയായ ബി.ജെ.പിയും ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം ഇത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതിന് തുല്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.