
ടോക്കിയോ: ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഷിഗെരു ഇഷിബയെ ജപ്പാന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. മുൻ പ്രതിരോധ മന്ത്രിയായിരുന്നു. ഫ്യൂമിയോ കിഷിദയുടെ പിൻഗാമിയെ കണ്ടെത്താനുള്ള മത്സരത്തിൽ എട്ട് സ്ഥാനാർത്ഥികളെ കടത്തിവെട്ടിയാണ് ഷിഗെരു ജപ്പാന്റെ നൂറ്റിരണ്ടാമത്തെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്. ഫ്യൂമിയോ കിഷിദ ഔദ്യോഗികമായി സ്ഥാനമൊഴിയുന്ന ഒക്ടോബർ ഒന്നിന് ഷിഗെരു അധികാരമേൽക്കും. സന്തോഷത്തോടെ ജീവിക്കാനാകുന്ന, സുരക്ഷിത രാജ്യമായി ജപ്പാനെ മാറ്റാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം എന്ന് ഷിഗെരുവിന്റെ പ്രതികരിച്ചിരുന്നു. 67കാരനായ ഷിഗെരു കടുത്ത ദേശീയവാദിയായ സനേ തകൈച്ചിയെയാണ് പരാജയപ്പടുത്തിയത്.
എല്ലാവർക്കും സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്ന ഏറ്റവും സുരക്ഷിതമായ ഒരു രാജ്യമായി ജപ്പാനെ മാറ്റാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം എന്നായിരുന്നു വിജയശേഷമുള്ള ഷിഗെരുവിന്റെ പ്രതികരണം.
ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഷിഗെരു 1986ലാണ് രാഷ്ട്രീയത്തിലെത്തുന്നത്. സ്വന്തം പാർട്ടിയെ തന്നെ വിമർശിച്ച് പല തവണ വിവാദവും സൃഷ്ടിച്ചു. ന്യൂക്ലിയർ എനർജിയെ ആശ്രയിക്കുന്നത് ഉൾപ്പെടെയുള്ള ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നിരവധി നയങ്ങളെ വിമർശിച്ചത് വലിയ ചർച്ചയായിരുന്നു.
ആരാണ് ഷിഗെരു?
ജപ്പാന്റെ മുൻ പ്രതിരോധ മന്ത്രിയായ ഷിഗെരു ഇഷിബ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽ.ഡി.പി)യുടെ ദീർഘകാല പ്രവർത്തനത്തിന് പേരുകേട്ട ആളായിരുന്നു. 67-ാം വയസ്സിൽ, പ്രധാനമന്ത്രിയാകാൻ ഇഷിബ അഞ്ച് തവണയാണ് ശ്രമിച്ചത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ശ്രദ്ധ പ്രധാനമായും ദേശീയ സുരക്ഷയും ഗ്രാമീണ സമൂഹങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതുമാണ്. വിവാഹിതരായ ദമ്പതികൾക്ക് പ്രത്യേക കുടുംബപ്പേരുകൾ അനുവദിക്കുന്നത് പോലുള്ള സാമൂഹികമായി പുരോഗമനപരമായ പരിഷ്കാരങ്ങളെ ഇഷിബ പിന്തുണച്ചിരുന്നത്. ഇത് എൽ.ഡി.പി.യിലെ യാഥാസ്ഥിതിക അംഗങ്ങളിൽ നിന്ന് അദ്ദേഹത്തെ വേറിട്ടു നിറുത്തിയിരുന്നു. ചൈനയിൽ നിന്നും ഉത്തര കൊറിയയിൽ നിന്നുമുള്ള പ്രാദേശിക സുരക്ഷാ ഭീഷണികളെ നേരിടാൻ നാറ്റോയുടെ ഏഷ്യൻ പതിപ്പ് സ്ഥാപിക്കണമെന്നും അദ്ദേഹം വാദിക്കുകയും സമീപിക്കുകയുമുണ്ടായി. മുൻ ബാങ്കറായ ഇഷിബ 1986ലാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. കൂടാതെ എൽ.ഡി.പി സെക്രട്ടറി ജനറലും കാർഷിക മന്ത്രിയും ഉൾപ്പെടെ നിരവധി സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.