
രണ്ടാം ടെസ്റ്റ്: മഴ തടസപ്പെടുത്തി, ബംഗ്ലാദേശ് 107/3
കൺപൂർ: മഴയും വെളിച്ചക്കുറവും രസംകൊല്ലിയായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം കളി നേരത്തേ നിറുത്തുമ്പോൾ ബംഗ്ലാദേശ് 107/3 എന്ന നിലയിൽ. 35 ഓവറെ ഇന്നലെ മത്സരം നടന്നുള്ളൂ.
മഴമൂലം ഒന്നരമണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 9 വർഷത്തിന് ശേഷമാണ് നാട്ടിൽ ടോസ് നേടിയ ശേഷം ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുന്നത്.
ഇന്ത്യ കഴിഞ്ഞ ടെസ്റ്റിലെ അതേ ടീമിനെ നിലനിറുത്തിയപ്പോൾ ബംഗ്ലാദേശ് രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ടസ്‌കിൻ അഹമ്മദിനും നഹീദ് റാണയ്ക്കും പകരം തൈജുൽ ഇസ്ലാം ഖാലിദ് അഹമ്മദ് എന്നിവർ ടീമിലിടം നേടി. നാട്ടുകാരൻ കൂടിയായ സ്പിന്നർ കുൽദീപ് യാദവിന് രണ്ടാം ടെസ്റ്റിൽ അവസരം നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷം കണക്കിലെടുത്താണെന്ന് കരുതുന്നു മൂന്ന് പേസർമാരുമായി കളിക്കാൻ തീരുമാനിക്കുകയായിരുന്നു.
24 പന്ത് നേരിട്ടിട്ടും റൺസ് നേടാൻ കഴിയാതിരുന്ന ഓപ്പണർ സാക്കിർ ഹസനെ പുറത്താക്കി ആകാശ് ദീപ് ഇന്ത്യയ്ക്ക് ആദ്യബ്രേക്ക് ത്രൂ നൽകി. ആകാശ്ദീപ് എറിഞ്ഞ മത്സരത്തിലെ ആദ്യ ഓവറായിരുന്നു ഇത്. യശ്വസി ജയ്‌സ്വാൾ എടുത്ത് ക്യാച്ച് മനോഹരമായിരുന്നു. അധികം വൈകാതെ ഷാദ്മാൻ ഇസ്ലാമിനെ (24) ആകാശ് ദീപ് വിക്കറ്റിന് മുന്നിൽ കുടുക്കി. ഡി.
ആർ.എസിലൂടെയാണ് ഇന്ത്യയ്ക്ക് വിക്കറ്റ് ലഭിച്ചത്. തുടർന്ന് ക്രീസിൽ ഒന്നിച്ച മോമിനുൾ ഹഖും ക്യാപ്ടൻ നജ്മുൽ ഹൊസൈൻ ഷോന്റൊയും (31) ബംഗ്ലാദേശിനെ കൂട്ടത്തകർച്ചയിൽ നിന്ന് രക്ഷിച്ചു. ഇരുവരും മൂന്നാം വിക്കറ്റിൽ 51 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ലഞ്ചിന് ശേഷം ഷാന്റൊയെ വിക്കറ്റിന് മുന്നിൽ കുടുക്കി അശ്വിനാണ് കൂട്ടുകെട്ട് പൊളിച്ചത്. വെളിച്ചക്കുറവും മോശം കാലാവസ്ഥയും കാരണം നേരത്തേ തന്നെ ഒന്നാം ദിനത്തെ മത്സരം അവസാനിപ്പിച്ചു.
40 റൺസുമായി മോമിനുൾ ഹഖും മുഷ്ഫിഖുർ റഹിമുമാണ് (6) ക്രീസിലുള്ളത്.
കുംബ്ലെയെ മറികടന്ന് അശ്വിൻ
ഇന്നലെ ഷാന്റൊയുടെ വിക്കറ്റ് വീഴ്ത്തിയതോടെ ഏഷ്യയിൽ ഏറ്രവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ താരമെന്ന റെക്കാഡ് അനിൽ കുംബ്ലെയെ മറികടന്ന് അശ്വിൻ സ്വന്തമാക്കി. ഏഷ്യൻ മണ്ണിൽ അശ്വിന്റെ 420-ാം വിക്കറ്റ് നേട്ടമായിരുന്നു ഇത്, അനിൽ കുംബ്ലെ 419 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.