
ലണ്ടൻ: ഓസ്കാർ ജേതാവും ഹാരിപോട്ടർ താരവുമായ മാഗി സ്മിത്ത് (89) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. 1950ൽ സിമനിമയിലെത്തി. 1969-ൽ "ദ പ്രൈം ഒഫ് മിസ് ജീൻ ബ്രോഡി" എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ഓസ്കർ അവാർഡും ബാഫ്റ്റ അവാർഡും കരസ്ഥമാക്കി. 1978ൽ കലിഫോർണിയ സ്യൂട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഓസ്കാറും ലഭിച്ചു. ഹരിപോർട്ടർ ചിത്രങ്ങളിലെ പ്രൊഫസർ മിനർവ മക്ഗൊനാഗൽ എന്ന കഥാപാത്രത്തിലൂടെ ലോകമെങ്ങും ശ്രദ്ധേ നേടി. ബ്രിട്ടീഷ് പരമ്പരയായ ഡൗണ്ടൺ ആബിയിലെ ഡോവേജർ കൗണ്ടസ് ഒഫ് ഗ്രാന്ഥം എന്ന കഥാപാത്രവും ഏറെ പ്രശംസ നേടി. 1990ൽ എലിസബത്ത് രാജ്ഞി നൈറ്റ് പദവി നൽകി ആദരിച്ചു.
മാർഗരറ്റ് നതാലി സ്മിത്ത് എന്ന മാഗി സ്മിത്ത് 1934 ഡിസംബർ 28ന് ലണ്ടനിലെ ഇൽഫോർഡിലാണ് ജനിച്ചത്. പിതാവ് സ്മിത്ത് 1939ൽ ഓക്‌സ്‌ഫോർഡിലെ യുദ്ധത്തിൽ പങ്കെടുത്തിരുന്നു. ഈ സമയം ഓക്‌സ്‌ഫോർഡ് പ്ലേ ഹൗസ് സ്‌കൂളിൽ മാഗി തിയേറ്റർ പഠനം പൂർത്തിയാക്കി. അഭിനേതാവ് എന്ന നിലയിൽ മാഗിയെ പരുവപ്പെടുത്തിയത് ഇവിടുത്തെ പഠനമാണ്.
ലണ്ടനിലെ തിയേറ്റർ രംഗത്ത് സജീവമായപ്പോൾ മാഗി എന്നത് സ്റ്റേജ് പേരായി സ്വീകരിച്ചു. ഇക്കാലത്ത് പ്രശസ്ത നിർമ്മാതാവ്
ലോറൻസ് ഒലിവിയർ മാഗിയുടെ കഴിവുകൾ കണ്ട് നാഷണൽ തിയറ്റർ കമ്പനിയുടെ ഭാഗമാകാൻ ക്ഷണിച്ചു. 1965-ൽ "ഒഥല്ലോ" യുടെ ചലച്ചിത്രാവിഷ്കാരത്തിൽ സഹനടിയായി അരങ്ങത്തെത്തി.