kochi

കൊച്ചി: വികസനത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ ഏറ്റവും മുന്നിലുള്ള നഗരമാണ് കൊച്ചി. മെട്രോ റെയിലും, മേല്‍പ്പാലങ്ങളും ഐടി പാര്‍ക്കുകളും ബിസിനസ് സ്ഥാപനങ്ങളും കൂറ്റന്‍ കെട്ടിടങ്ങളുമൊക്കെയായി തലപൊക്കി നില്‍ക്കുന്ന നഗരം. പക്ഷേ സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് പക്ഷേ അതിന്റെ യാതോരുവിധ മേന്‍മയും അവകാശപ്പെടാനില്ല. ഒരു മഴ പെയ്താല്‍ നഗരത്തിലെ സകലമാന മാലിന്യങ്ങളും ഇവിടേക്ക് ഒഴുകിയെത്തും. പിന്നെയുള്ള കാര്യം പറഞ്ഞറിയിക്കേണ്ടതില്ല.

ബസ് സ്റ്റാന്‍ഡിലെ വെള്ളക്കെട്ടും മാലിന്യവും ഇനി പഴങ്കഥയായി മാറും. അടിമുടി മാറ്റത്തിന് തയ്യാറെടുക്കുകയാണ് കൊച്ചിയുടെ നാണക്കേടായി അറിയപ്പെടുന്ന ഈ സ്ഥലം. സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കാരിക്കാമുറിയിലെ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ ശുചീകരണ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ശുചീകരണത്തിനൊപ്പം, പൂന്തോട്ടം, മികച്ച ഇരിപ്പിടങ്ങള്‍, നടപ്പാതകള്‍, വിശ്രമകേന്ദ്രങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ സ്റ്റാന്‍ഡില്‍ ഒരുക്കുി മോടിപിടിപ്പികുകയും ചെയ്യും.

ചുവരുകളില്‍ മനോഹരമായ ചിത്രങ്ങളും തെളിയും. സാമൂഹ്യവിരുദ്ധരെ തടയാന്‍ സുരക്ഷക്രമീകരണങ്ങള്‍ ശക്തമാക്കും. ബസ് സ്റ്റാന്‍ഡും പരിസരപ്രദേശങ്ങളും നിരീക്ഷിക്കുന്നതിനായി സുരക്ഷാ ക്യാമറകളും സ്ഥാപിക്കും. കെഎസ്ആര്‍ടിസിക്കൊപ്പം, ഹരിതകേരളം, ശിചിത്വ മിഷന്‍, കൊച്ചി കോര്‍പറേഷന്‍, കെഎംആര്‍എല്‍, എസ്ബിഐ, എല്‍ഐസി, കെഎസ്എഫ്ഇ, ചാവറ കള്‍ച്ചറല്‍ സൊസൈറ്റി തുടങ്ങി നിരവധി സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പിന്തുണയോടെയാണ് ബസ്സ്റ്റാന്‍ഡിനെ മികച്ച സൗകര്യങ്ങളോടെ മാറ്റിയെടുക്കുന്നത്.

ശുചീകരണത്തിന്റെ ആദ്യദിനത്തില്‍ ഓടകളും കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളും വൃത്തിയാക്കല്‍ പ്രവര്‍ത്തനം തുടങ്ങി. സ്റ്റാന്‍ഡിനു ചേര്‍ന്ന് ഒഴുകുന്ന വിവേകാനന്ദ കനാല്‍ ആഴം കൂട്ടി ചുറ്റുമതില്‍ കെട്ടും. ഇതിന്റെ മുന്നോടിയായി പരിസരം വൃത്തിയാക്കി, പൂന്തോട്ടവും നടപ്പാതയും തെരുവുവിളക്കുകളും സ്ഥാപിക്കും. തണല്‍ വൃക്ഷങ്ങളും വച്ചുപിടിപ്പിക്കും. ബസ്സ്റ്റാന്‍ഡ് കെട്ടിടത്തിലെ ഓടകള്‍ പൊട്ടിയൊഴുകുന്ന സ്ഥിതി പൂര്‍ണമായി ഇല്ലാതാക്കാന്‍ ഡ്രൈനേജ് സംവിധാനം മെച്ചപ്പെടുത്തും. പ്ലാസ്റ്റിക്ക് പ്ലാസ്റ്റിക്കേതര മാലിന്യങ്ങള്‍ തള്ളാനായി പ്രത്യേകം ബിന്നുകളും സ്ഥാപിക്കും.