crime

മൂവാറ്റുപുഴ: പോക്സോ പീഡനകേസിൽ യുവാവിന് 80 വർഷം തടവും 55000 രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ പോക്സോ കോടതി. ഇടുക്കി വാഗമൺ കാപ്പിപതാൽ കുറ്റിയിൽ മനോജിനാണ് (48) ജഡ്ജി ജി. മഹേഷ് ശിക്ഷ വിധിച്ചത്. വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മനോജ്. മാതാപിതാക്കൾ മരിച്ച പതിനഞ്ചുകാരിയെ 2021 ജൂലായ് മുതൽ 2022 ഡിസംബർ വരെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്. പെൺകുട്ടിക്ക് ഒരു സഹോദരി മാത്രമാണ് ഉള്ളത്. ചിന്നക്കനാലിൽ സ്കൂളിൽ താമസിച്ച് പഠിക്കുകയായിരുന്ന പെൺകുട്ടി അവധിക്ക് മുത്തശ്ശി വാടകയ്ക്ക് താമസിച്ചിരുന്ന പള്ളിചിറങ്ങരയിലെ വീട്ടിൽ എത്തിയപ്പോഴായിരുന്നു പീഡനം. മുത്തശ്ശി എവിടെയെങ്കിലും പോയി രക്ഷപ്പെടാൻ പെൺകുട്ടിയെ ഉപദേശിച്ചു. തൃക്കളത്തൂർ പള്ളിപ്പടിയിൽ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി അരുൺ എന്ന യുവാവിനൊപ്പം പെൺകുട്ടി തെങ്കാശിയിലേക്ക് പോയി.

പെൺകുട്ടിയെ കാണാതായതോടെ പ്രതി വയോധികയെ മർദ്ദിച്ചു. ചുവരിൽ തലയിടിച്ച് മരിച്ചു. തുടർന്ന് മൂവാറ്റുപുഴ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവും പീഡന വിവരവും പുറത്തുവരുന്നത്. തമിഴ്നാട്ടിൽ പെൺകുട്ടിയെ കണ്ടെത്തിയതോടെ പീഡന വിവരം അറിഞ്ഞു. ഇയാളെ കസ്റ്റഡിയിൽ എടുത്തതോടെ വയോധികയുടെ മരണം കൊലപാതകമാണെന്നും തെളിഞ്ഞു. പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയുടെ സുഹൃത്ത് മൂവാറ്റുപുഴ കാവുങ്കര കണ്ടത്തിക്കുടി നൂറുദ്ദീന് എതിരെ മറ്റൊരു പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ വിചാരണ പൂർത്തിയായിട്ടില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തെങ്കാശിയിലേക്ക് കൊണ്ടുപോയ തമിഴ്നാട് സ്വദേശി അരുണിന് എതിരെയും കേസുണ്ട്. മൂവാറ്റുപുഴ പൊലീസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന എം.കെ. സജീവ്, സബ് ഇൻസ്പെക്ടർ

എസ്.എൻ. ഷീല എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ. ജമുന ഹാജരായി. വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ 80 വർഷം തടവിന് ശിക്ഷിച്ചത്.