
ടെൽ അവീവ്: ലെബനനിൽ കരയുദ്ധ ഭീഷണിയുമായി ഇസ്രയേൽ. ഹിസ്ബുള്ളയ്‌ക്കെതിരായ കരയുദ്ധം കഴിയുന്നത്ര വേഗം തുടങ്ങുമെന്ന് ഇസ്രയേലി സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇസ്രയേൽ ആക്രമണത്തിൽ നിരവധി ഹിസ്ബുള്ള ഭീകരർ കൊല്ലപ്പെട്ടതായും ഇറാൻ പിന്തുണയുള്ള ഗ്രൂപ്പിന്റെ സൈനിക ശേഷി ഗണ്യമായി കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച ഉന്നത തെക്കൻ ബെയ്രൂട്ടിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ മുഹമ്മദ് സ്രൂറിനെ (51) വധിച്ചിരുന്നു. ഹിസ്ബുള്ളയുടെ ഡ്രോൺ യൂണിറ്റിന്റെ മേധാവി ആയിരുന്നു. യെമനിലെ ഹൂതി പോരാളികളെ പരിശീലിപ്പിക്കാൻ ഹിസ്ബുള്ള സ്രൂറിനെ നിയോഗിച്ചിരുന്നു.
ഹിസ്ബുള്ള കമാൻഡർമാരെ ഉന്നമിട്ട് ഇസ്രയേൽ തെക്കൻ ബെയ്റൂട്ടിൽ നടത്തിയ നാലാമത്തെ ആക്രമണമാണിത്. ഇതിൽ ഹിസ്ബുള്ളയുടെ റദ്വാൻ സേനാ മേധാവി ഇബ്രാഹം അഖീൽ ഉൾപ്പെടെ ഏതാനും കമാൻഡർമാർ കൊല്ലപ്പെട്ടിരുന്നു.
അതിനിടെ, ഇസ്രയേലിനെതിരെ യെമനിലെ ഹൂതികൾ മിസൈൽ ആക്രമണം നടത്തി. ഹൂതികൾ തൊടുത്ത മിസൈൽ ആരോ എയർ ഡിഫൻസ് സിസ്റ്റം നിർവീര്യമാക്കിയതായി ഇസ്രയേൽ സേന അറിയിച്ചു. വ്യാഴാഴ്ച രാത്രി യെമനിൽ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലാണ് അതിർത്തിയ്ക്ക് പുറത്തുവച്ച് ഇസ്രയേൽ തടഞ്ഞത്.
ലെബനനെയും ഹിസ്ബുള്ളയെയും പിന്തുണയ്ക്കുമെന്ന് ഹൂതികളുടെ നേതാവായ അബ്ദുൾ മാലിക് അൽഹൂതി വ്യക്തമാക്കി.
അതിനിടെ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ യു.എന്നിനെ അഭിസംബോധന ചെയ്തു. ലെബനനിൽ വെടിനിറുത്തലിന് യു.എസ് നേതൃത്വത്തിൽ സഖ്യരാജ്യങ്ങൾ മുന്നോട്ടുവച്ച കരാർ കഴിഞ്ഞ ദിവസം ഇസ്രയേൽ തള്ളിയിരുന്നു.
തിങ്കളാഴ്ച മുതൽ തെക്കൻ ലെബനനിൽ തുടരുന്ന മിസൈൽ ആക്രമണത്തിൽ മരണം 700 ആയി. കഴിഞ്ഞ 72 മണിക്കൂറിനിടെ 30,000ത്തിലധികം ആളുകൾ ലെബനനിൽ നിന്ന് സിറിയയിലേക്ക് പലായനം ചെയ്തു.
ഇസ്രയേൽ ലെബനനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇന്നലെ 25 പേർ കൊല്ലപ്പെട്ടെന്ന് ലെബനീസ് ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. ലെബനൻ പട്ടണങ്ങളായ കാരക്, ഷ്‌മെസ്റ്റാർ എന്നിവിടങ്ങളിലും ബെക്കാ താഴ്വരയിലും നിരവധി ഇസ്രയേലി വ്യോമാക്രമണങ്ങൾ നടന്നു. ഹിസ്ബുള്ള ഇസ്രയേലിന് നേരെ നിരവധി റോക്കറ്റുകളും വിക്ഷേപിച്ചു.
സംഘർഷം രൂക്ഷമാകുന്നതിനാൽ ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ബെയ്റൂട്ടിലെ ഇന്ത്യൻ എം.ബസി ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. തിരിച്ച് നാട്ടിലേക്ക് വരാനും ആവശ്യപ്പെട്ടു. യു.എസ് അടക്കമുള്ള രാജ്യങ്ങളും അവരുടെ പൗരന്മാരേയും തിരികെ വിളിച്ചു.