
ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ബി.ജെ.പി എം.എല്‍.എ ഗോമൂത്രവും ഗംഗാജലവും ഉപയോഗിച്ച് ശുദ്ധീകരണ ചടങ്ങ് നടത്തിയത് വിവാദമാകുന്നു. ബി.ജെ.പി എം.എല്‍.എ മുകുന്ദ് ആചാര്യയാണ് ചടങ്ങ് നടത്തിയത്. അഴിമതി ആരോപണത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് മേയര്‍ പുറത്തായി പകരം ബി.ജെ.പി മേയര്‍ ചുമതലയേല്‍ക്കുന്നതിന്റെ ഭാഗമായായിരുന്നു ചടങ്ങ്. അഴിമതിയില്‍ ഉള്‍പ്പെട്ടവരെ ശുദ്ധീകരിക്കാന്‍ ചടങ്ങ് അനിവാര്യമാണെന്ന് ബല്‍മുകുന്ദ് ആചാര്യ വിശദീകരിച്ചു.
കോണ്‍ഗ്രസ് വിട്ടുവന്ന കൗണ്‍സിലര്‍മാരെ സ്വീകരിക്കുന്നതിന്റെയും ഭാഗമായാണ് ശുദ്ധീകരണം നടത്തിയത്. മന്ത്രങ്ങള്‍ ചൊല്ലിയാണ് ചടങ്ങുകള്‍ നടത്തിയത്. കൗണ്‍സിലര്‍മാരോടും ഉദ്യോഗസ്ഥരോടും ഗംഗാജലവും ഗോമൂത്രവും കുടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിംഗ് നടപടികളെ ശക്തമായി അപലപിച്ചു, 'താങ്കള്‍ എം.എല്‍.എയാണ്, ആത്മീയ നേതാവല്ല. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഇപ്പോള്‍ ശുദ്ധരും സനാതനന്മാരുമാണെന്ന് എങ്ങനെ പ്രഖ്യാപിക്കും സനാതന ധര്‍മ്മത്തിന്റെ സ്വയം നിയോഗിക്കപ്പെട്ട കാവല്‍ക്കാരനാണോ ബല്‍മുകുന്ദ് ആചാര്യ?
'ഈ കൗണ്‍സിലര്‍മാര്‍ അശുദ്ധരാണെങ്കില്‍, നിങ്ങള്‍ എന്തിനാണ് അവരുടെ സഹായത്തോടെ ഒരു മേയറെ നിയമിച്ചത്' - അദ്ദേഹം ചോദിച്ചു.
ഞങ്ങള്‍ കോര്‍പ്പറേഷനെ ഗംഗാജലവും ഗോമൂത്രവും ഉപയോഗിച്ച് ശുദ്ധീകരിച്ചു, എല്ലാ മാലിന്യങ്ങളും നീക്കം ചെയ്തു, ബി.ജെ.പിയെ പിന്തുണച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ 'സനാതനി' ആക്കി. ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനെ അഴിമതി രഹിതമാക്കി.
- മുകുന്ദ് ആചാര്യ