kk

കോട്ടയം : പക്ഷിപ്പനി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കോഴി, താറാവ്, കാട എന്നിവ വളർത്തുന്നതിനും വിൽക്കുന്നതിനും നിരോധനമേർപ്പെടുത്തിയ സർക്കാർ ഉത്തരവ് കർഷകരുടെ നട്ടെല്ലൊടിക്കുന്നു. നഷ്ടപരിഹാരം മുടങ്ങിയതിന് പിന്നാലെയാണ് വായ്പയെടുത്ത് കോഴി - താറാവ് വളർത്തൽ തുടങ്ങിയവരെല്ലാം കടക്കെണിയിലാക്കുന്ന സർക്കാർ തീരുമാനം. ഭൂരിഭാഗം പേരുടെയും വായ്പാത്തിരിച്ചടവ് മുടങ്ങി. പക്ഷിപ്പനിക്കാലത്ത് സാധാരണ മൂന്നുമാസമാണ് നിയന്ത്രണം.

അതനുസരിച്ച് ജൂണിൽ പക്ഷിപ്പനി വന്ന ഇടങ്ങളിൽ ഈ മാസത്തോടെ വളർത്തൽ പുന:രാരംഭിക്കാൻ കഴിയുമായിരുന്നു. എന്നാൽ, നിരോധനം വന്നതോടെ ഇനി ഈ വർഷം മൂന്ന് താലൂക്കുകളിൽ പക്ഷികളെ വളർത്താൻ കഴിയില്ല. ജില്ലയിലെ കർഷകർക്ക് അരക്കോടിയിലേറെ രൂപയുടെ നഷ്ടപരിഹാരം ലഭിക്കാനുണ്ട്. കേന്ദ്ര ഫണ്ട് മുടങ്ങിയതാണ് കാരണമായി സർക്കാ‌ർ പറയുന്നത്. മാസങ്ങളായി വരുമാനമില്ലാത്ത കർഷകർക്ക് മറ്റ് മാർഗങ്ങൾ തേടേണ്ട അവസ്ഥയാണ്.

ക്രിസ്മസ് സീസൺ വെള്ളത്തിലായി

താറാവ് കർഷകർ കൂടുതലുള്ള കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലാണ് വിലക്ക്. നിയന്ത്രണം തീരുന്നതോടെ ഈ മാസം ക്രിസ്മസ് വിപണി പ്രതീക്ഷിച്ച് താറാവിനെ വളർത്താനായി ഒരുങ്ങിയ കർഷകർക്കാണ് തിരിച്ചടി. ക്രിസ്മസ് ആഘോഷങ്ങളിൽ താറാവ് വിഭവങ്ങൾ അത്യന്താപേക്ഷിതമായതിനാൽ തമിഴ് ലോബിയെ ആശ്രയിക്കേണ്ടി വരും.

നിയന്ത്രണം തമിഴ് ലോബിക്ക് ഗുണം

നിയന്ത്രണ മേഖലകളിലെ പക്ഷികളെ പുറത്ത് കൊണ്ടുപോകാൻ കഴിയില്ല

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പക്ഷികളെ ഇവിടേയ്ക്ക് കൊണ്ടുവരാം

ഇത് തമിഴ്ലോബിക്ക് ഗുണം, കോഴി, താറാവ് വില കൂടാൻ കാരണമാകും