uae

ദുബായ്: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പ്രത്യേക മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. ഇമിഗ്രേഷൻ കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിൽ നിന്നെന്ന പേരിൽ ഫോൺ കോളുകൾ വരുമ്പോൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നാണ് മുന്നറിയിപ്പ്. ഇത്തരം ഫോൺ കോളുകൾ വ്യാജമാണെന്നും യാതൊരുവിധ വിവരങ്ങളും പങ്കുവയ്ക്കരുതെന്നും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പങ്കുവച്ച പോസ്റ്റിൽ, പ്രവാസി ഭാരതീയ സഹായതാ കേന്ദ്ര ടെലിഫോൺ നമ്പർ: 80046342 പ്രതിഫലിപ്പിക്കുന്ന വ്യാജ കോളുകൾ സംബന്ധിച്ച് ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ഒന്നിലധികം ഇന്ത്യൻ ഭാഷകളിലാണ് മുന്നറിയിപ്പ് സന്ദേശം പങ്കുവച്ചത്. നിലവിലില്ലാത്ത ചില ഇമിഗ്രേഷൻ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന വ്യാജേന വിളിക്കുന്നയാൾ പണം തട്ടാൻ ശ്രമിക്കുമെന്ന് കോൺസുലേറ്റ് അറിയിച്ചു.

'ഇമിഗ്രേഷനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോൺസുലേറ്റ് ഇന്ത്യൻ പൗരന്മാരെ വിളിക്കില്ല. ദയവായി അത്തരം വിളിക്കുന്നവരുമായി ഇടപഴകരുത്, പണം കൈമാറരുത്. കോൺസുലേറ്റ് സ്വകാര്യ വിവരങ്ങളോ ഒടിപിയോ പിൻ നമ്പറുകളോ ബാങ്ക് വിവരങ്ങളോ നിങ്ങളിൽ നിന്ന് ആവശ്യപ്പെടില്ല.'- കോൺസുലേറ്റ് സോഷ്യൽ മീഡിയയിൽ കുറിച്ചു. അടുത്തിടെ, യുഎഇയുടെ ഫെഡറൽ ടാക്സ് അതോറിറ്റി സൈബർ കുറ്റവാളികളുടെ ഇമെയിൽ ഫിഷിംഗ് തട്ടിപ്പുകളെ കുറിച്ച് താമസക്കാർക്ക് മുന്നറിയിപ്പ് നൽകുകയും ജാഗ്രത പാലിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.

കൂടാതെ പ്രവാസികളിൽ നിന്നും പണം തട്ടൽ ലക്ഷ്യമാക്കിയുള്ള നിരവധി തട്ടിപ്പുകളെക്കുറിച്ച് ഗൾഫ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് ഫുഡ് ഡെലിവറി ആപ്പുമായി ബന്ധപ്പെട്ട ഒരു തട്ടിപ്പിൽ കുരുങ്ങി പ്രവാസി വനിതയ്ക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടമായിട്ടുണ്ട്. അതുകൊണ്ട് വലിയ രീതിയിലുള്ള മുന്നറിയിപ്പാണ് യുഎഇ ഭരണകൂടം പ്രവാസികൾക്കും സ്വദേശികൾക്കും നൽകുന്നത്.