
ടെൽ അവീവ്: ഹിസ്ബുള്ള നേതാവിനെ ലക്ഷ്യമാക്കി ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ സൈനിക ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിൽ ഇസ്രയേലിന് തിരിച്ചടി. നേതാവ് ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടില്ലെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ഹിസ്‌ബുള്ള സെക്രട്ടറി ജനറലായ നസ്‌റല്ലയ്ക്ക് ആക്രമണത്തിൽ പരിക്കേറ്റില്ലെന്നും ഇസ്രയേൽ ലക്ഷ്യമിട്ട സ്ഥലത്ത് അദ്ദേഹം ഇല്ലായിരുന്നുവെന്നും ഹിസ്‌ബുള്ളയുടെ മീഡിയ റിലേഷൻസ് ഓഫീസർ ഹജ്ജ് മുഹമ്മദ് അഫീഫ് ഇറാനിയൻ മാദ്ധ്യമത്തോട് വ്യക്തമാക്കിയതായി എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
അതേസമയം, ആക്രമണത്തിൽ ബെയ്‌റൂട്ടിലെ ഹിസ്‌ബുള്ളയുടെ ആസ്ഥാനം തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നു. ബെയ്‌റൂട്ടിലെ ഹിസ്‌ബുള്ളയുടെ ശക്തികേന്ദ്രമായ ദഹിയെയിലെ അനേകം കെട്ടിടങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യം കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. പ്രദേശത്ത് നസ്‌റല്ല ഉണ്ടായിരുന്നുവെന്നും ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നുമാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇസ്രയേൽ വ്യോമാക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടതായും 90ലധികം പേർക്ക് പരിക്കേറ്റതായും ലെബനൻ ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യു.എന്നിൽ അഭിസംബോധന നടത്തിയതിന് പിന്നാലെയായിരുന്നു ഇന്നലെ ബെയ്‌റൂട്ടിൽ ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടന്നത്. ഹിസ്ബുള്ള കമാൻഡർമാരെ ഉന്നമിട്ട് ഇസ്രയേൽ തെക്കൻ ബെയ്‌റൂട്ടിൽ നടത്തിയ നാലാമത്തെ ആക്രമണമാണിത്.
കരയുദ്ധത്തിന്റെ മുന്നറിയിപ്പ് നൽകി ഇസ്രയേൽ സൈന്യം ലെബനന്റെ വടക്കൻ അതിർത്തിയിൽ കൂടുതൽ ടാങ്കുകളും കവചിത വാഹനങ്ങളും വിന്യസിച്ചിരിക്കുകയാണ്. കരവഴി ലെബനനിലേക്ക് കടക്കാൻ ഇസ്രയേൽ സൈന്യത്തിന് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് നീക്കം. യുദ്ധത്തിന് തയ്യാറായിരിക്കണമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാല്ലന്റ് സൈന്യത്തോട് നിർദ്ദേശിച്ചുവെന്നാണ് റിപ്പോർട്ട്.