uae

അബുദാബി: യുഎഇയിലെ പാക് പൗരന്മാർക്കും തൊഴിൽതേടിയും വിസിറ്റ് വിസയിലും യുഎഇയിലെത്തുന്ന പാകിസ്ഥാനികൾക്കും മാർഗ നിർദേശവുമായി ദുബായിലെ പാകിസ്ഥാൻ കോൺസുലേറ്റ്. നിയമക്കുരുക്കുകളിൽ അകപ്പെടാതിരിക്കാൻ യുഎഇയിലെത്തുന്ന പാക് പൗരന്മാർ പ്രാദേശിക നിയമങ്ങളെക്കുറിച്ചും തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണമെന്ന് കോൺസുലേറ്റ് പുറത്തുവിട്ട വീ‌ഡിയോയിൽ പറയുന്നു.

പ്രാദേശിക നിയമങ്ങൾ ലംഘിക്കുന്നത് കോടതി നടപടികളിലേയ്ക്കും തടവും പിഴയും അടക്കം ശിക്ഷ ലഭിക്കുന്നതിനും കാരണമാകുമെന്നും ചിലപ്പോൾ നാടുകടത്തലിലേയ്ക്ക് വരെ വഴിവയ്ക്കുമെന്നും വീഡിയോയിൽ കോൺസുൽ ജനറൽ ഹുസൈൻ മുഹമ്മദ് വ്യക്തമാക്കുന്നു.

പാക് പൗരന്മാർക്ക് നൽകുന്ന ദുബായ് വിസകൾ ജനറൽ ഡയറക്‌ടറേറ്റ് ഒഫ് റെസിഡൻസി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് മുഖാന്തിരം പരിശോധിക്കാം. അബുദാബി, ഷാർജാ, ഫുജൈറ, അജ്‌മാൻ, റാസൽ ഖൈമ തുടങ്ങിയ എമിറേറ്റുകളിലേയ്ക്ക് വിസയ്ക്കായി അപേക്ഷിക്കുന്നവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി,സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി മുഖാന്തിരവും പരിശോധിക്കാം.

തൊഴിൽ തേടുന്നവർ സർക്കാർ സംവിധാനങ്ങൾ വഴി അവരുടെ തൊഴിൽ ദാതാക്കളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ മനസിലാക്കണം. ഇതിനായി അബുദാബിയിലെ പാകിസ്ഥാൻ എംബസിയുടെയോ കോൺസുലേറ്റ് ജനറൽ ഒഫ് പാകിസ്ഥാനെയോ സമീപിക്കാമെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു.

തൊഴിൽ നിയമങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ (എംഒഎച്ച്‌ആർഇ) വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും. വിവരങ്ങൾക്കായി അപേക്ഷകർക്ക് ഇ-മെയിൽ, ചാറ്റ് സേവനങ്ങൾ ഉപയോഗിക്കാം. ഇമിഗ്രേഷൻ, വിസ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അമേർ സെന്ററുകളിൽ ബന്ധപ്പെടാം. തൊഴിൽ പ്രശ്‌നങ്ങൾക്ക് തശീൽ കേന്ദ്രങ്ങളെ സമീപിക്കാം.

കുറ്റകൃത്യങ്ങൾ ഇരയാക്കപ്പെട്ടാൽ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കണം. ജോലിസ്ഥലത്ത് അവകാശ ലംഘനങ്ങൾ നേരിട്ടാൽ വർക്ക് പെർമിറ്റ് റദ്ദാക്കി ഒരു വർഷത്തിനുള്ളിൽ എംഒഎച്ച്‌ആർഇയെ അറിയിക്കണം.

യുഎഇയിലേയ്ക്കും പാകിസ്ഥാനിലേയ്ക്കും പണമയക്കാൻ ഔദ്യോഗിക സംവിധാനങ്ങൾ തന്നെ ഉപയോഗിക്കണം. ഓൺലൈൻ, ക്രെഡിറ്റ് കാർഡ് ഫോർഡുകളെക്കുറിച്ച് അറിഞ്ഞിരിക്കണം. തിരിച്ചറിയൽ രേഖകൾ, പാസ്‌പോർട്ട്, സിം കാർഡ്, എമിറേറ്റ് ഐഡി, ഇമെയിൽ തുടങ്ങിയവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. എല്ലാ പാകിസ്ഥാനികളും തൊഴിൽ നഷ്ട ഇൻഷുറൻസ് എടുക്കണമെന്നും വീഡിയോയിൽ നിർ‌ദേശിക്കുന്നു.