
ഒരു കാലത്ത് മലയാളികൾക്ക് കൂടുതൽ വരുമാനം ലഭിച്ചിരുന്നത് കൃഷിയിലൂടെയായിരുന്നു. കാലം മാറിയതോടെ ആ ശൈലിയിൽ ചില മാറ്റങ്ങൾ വന്നെങ്കിലും കൃഷി ചെയ്യുന്നവരിൽ വലിയ കുറവൊന്നും സംഭവിച്ചിട്ടില്ല. ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ ഡിമാൻഡ് മാറുന്നതനുസരിച്ച് കൃഷി ചെയ്യുകയാണെങ്കിൽ മികച്ച വരുമാനവും കർഷകർക്ക് നേടിയെടുക്കാം. വിപണിയിൽ വൻഡിമാൻഡുകളുളള കൃഷികൾ ഏതെല്ലാമെന്ന് പരിചയപ്പെടാം.
1. കൂൺ കൃഷി
പോഷകഗുണങ്ങളേറെയടങ്ങിയിരിക്കുന്ന ഒരു ഭക്ഷ്യ ഉൽപ്പന്നമാണ് കൂൺ. അതുകൊണ്ട് വിപണിയിൽ ഇന്നും കൂണിന് വലിയ സാദ്ധ്യതകളാണ് ഉളളത്. വീടുകളിൽ കുറഞ്ഞ ചെലവിൽ കൃഷി ചെയ്യാവുന്ന ഒന്നുകൂടിയാണിത്. ചെറിയ മുതൽമുടക്കിൽ മികച്ച വരുമാനം കൂൺ കൃഷിയിലൂടെ നേടാൻ സാധിക്കും. ജില്ലകളിലെ കൃഷി ഓഫീസുകളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ കെവികെ ഫാമുകളിൽ നിന്നോ മിതമായ നിരക്കിൽ കൂൺ വിത്തുകൾ വാങ്ങാവുന്നതാണ്.ഒരു പാക്കറ്റ് വിത്തിന്റെ വില 30 രൂപയാണ്. ഓൺലൈനിലും വിത്തുകൾ ലഭ്യമാണ്.
2. മുളകൃഷി
ഒരു തവണ തുടങ്ങിയാൽ കർഷകർക്ക് സ്ഥിരമായി വരുമാനം ലഭിച്ചുകൊണ്ടിരിക്കുന്ന വിളയാണ് മുള. ഏത് കാലാവസ്ഥയിലും മികച്ച വരുമാനം നേടിയെടുക്കാൻ സാധിക്കും. ഒരേക്കറിൽ അഞ്ഞൂറോളം മുളകൾ നടാം. ഗുണനിലവാരമനുസരിച്ച് ഒരു മുളയ്ക്ക് 25 രൂപ മുതൽ 100 രൂപ വരെയാണ് വിപണി വില. ലക്ഷക്കണക്കിന് രൂപയുടെ വരുമാനവും മുളകൃഷിയിലൂടെ സ്വന്തമാക്കാം. മുളകൾ നട്ടുവളർത്തുന്നത് മണ്ണൊലിപ്പ് തടയാൻ സഹായിക്കും.
3. കാന്താരി മുളക് കൃഷി
മലയാളികളുടെ ഭക്ഷണക്രമത്തിൽ പ്രധാനപ്പെട്ട ഘടകമാണ് കാന്താരി മുളക്. ചിലയിടങ്ങളിൽ ചീനി മുളകെന്നും കാന്താരിയെ അറിയപ്പെടും. വിപണിയിൽ വൻഡിമാൻഡാണ് കാന്താരിക്കുളളത്. കിലോയ്ക്ക് 250 രൂപ മുതൽ 300 രൂപ വരെയാണ്. പല വിഭവങ്ങളോടൊപ്പവും കാന്താരി മുളക് കഴിക്കാം.
4. മഞ്ഞൾ കൃഷി
വലിയ പരിചരണമില്ലാതെ കൂടുതൽ ലാഭം നേടിയെടുക്കാൻ സാധിക്കുന്ന ഒരു കൃഷിയാണിത്. സ്ഥലം കുറവുളളവർക്ക് മട്ടുപ്പാവുകളിൽ എളുപ്പത്തിൽ മഞ്ഞൾ കൃഷി ചെയ്യാം. ഉണക്ക മഞ്ഞളിനും മഞ്ഞൾ പൊടിക്കും വിപണിയിൽ ആവശ്യക്കാരേറെയാണ്. രോഗപ്രതിരോധശേഷിയുളള മഞ്ഞളിന് മാരകരോഗങ്ങൾ ഭേദമാക്കാനും സൗന്ദര്യ സംരക്ഷണത്തിനും ഉപയോഗിക്കാം.