
ചെന്നൈ: ടാറ്റാ ഇലക്ട്രോണിക്സിന്റെ നിർമാണ യൂണിറ്റിൽ വൻതീപിടിത്തം. തമിഴ്നാട്ടിലെ ഹൊസൂരിലുളള നിർമാണ യൂണിറ്റിലാണ് ഇന്ന് പുലർച്ചെ അഞ്ചരയോടെ അപകടമുണ്ടായത്. യൂണിറ്റിന്റെ സെൽഫോൺ നിർമാണ വിഭാഗത്തിലാണ് ആദ്യം തീ ആളിപടന്നത്. ഇതോടെ തൊഴിലാളികളെ യൂണിറ്റിൽ നിന്നും പൂർണമായി മാറ്റുകയായിരുന്നു.
സംഭവത്തിൽ നാശനഷ്ടങ്ങൾ വലിയ രീതിയിൽ ഉണ്ടായെന്നും അഗ്നിശമനസേന രക്ഷാദൗത്യം തുടരുകയാണെന്നുമാണ് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തത്. തീപിടിത്തത്തിൽ നിർമാണ യൂണിറ്റിൽ മുഴുവൻ രൂക്ഷമായ പുക പടരുകയും തൊഴിലാളികളും പ്രദേശവാസികളും പരിഭ്രാന്തിയിലാകുകയും ചെയ്തു. തൊഴിലാളികളെ പുറത്തെത്തിക്കാൻ നിരവധി ഫയർ എഞ്ചിനുകളാണ് സംഭവസ്ഥലത്തെത്തിയത്. നിലവിൽ ആർക്കും പരിക്കേറ്റിട്ടില്ല.
തീപിടിത്തമുണ്ടാകുമ്പോൾ കമ്പനിയിൽ 1500 തൊഴിലാളികൾ ഉണ്ടായിരുന്നു. തീപിടിത്തത്തിന്റെ വ്യക്തമായ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. തമിഴ്നാട്ടിലെ നിർമാണ യൂണിറ്റിൽ തീപിടിത്തം സംഭവിച്ചതായി ടാറ്റാ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.തൊഴിലാളികളുടെ സുരക്ഷയുടെ ഭാഗമായി സുരക്ഷാ പ്രോട്ടോക്കോൾ പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്. ജീവനക്കാരെ സംരക്ഷിക്കുന്നതിനായി ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും വക്താവ് വ്യക്തമാക്കി. ശ്വാസതടസത്തെ തുടർന്ന് മൂന്ന് ജീവനക്കാരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.