
ലക്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഷീർ ഖാന് വാഹനാപകടത്തിൽ പരിക്കേറ്റു. പിതാവ് നൗഷാദ് ഖാനുമൊത്ത് കാറിൽ യാത്ര ചെയ്യുന്നതിനിടയിലായിരുന്നു അപകടം.ഇറാനി കപ്പ് കളിക്കുന്നതിന് അസംഗഡിൽ നിന്ന് ലക്നൗവിലേക്ക് യാത്ര ചെയ്യുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. റോഡിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാർ പലതവണ മലക്കം മറിഞ്ഞിരുന്നതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
താരത്തിന് കഴുത്തിനാണ് പരിക്കേറ്റത്. അപകടകാരണം ഇതുവരെ വ്യക്തമല്ല. ഇതോടെ മുഷീറിന് ഇറാനി കപ്പിൽ മത്സരിക്കാൻ സാധിക്കാതെ വരും. മൂന്ന് മാസത്തെ വിശ്രമം ആവശ്യമാണ്. രഞ്ജി ട്രോഫിയിലെ ചില മത്സരങ്ങളും നഷ്ടമാകും. 19കാരനായ മൂഷീർ ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാന്റെ സഹോദരനാണ്. ദുലീപ് ട്രോഫിയിൽ ഇന്ത്യ ബിക്കുനുവേണ്ടി കളിക്കാനിറങ്ങിയ താരം ഇന്ത്യ എ ടീമിനെതിരെ 181 റൺസാണ് അടിച്ചുകൂട്ടിയത്. ഇന്ത്യ അണ്ടർ 19 ടീമിൽ കളിച്ച മുഷീർ ആഭ്യന്തര ക്രിക്കറ്റിൽ 15 ഇന്നിംഗ്സുകളിൽ നിന്നായി മൂന്ന് സെഞ്ച്വറികളും ഒരു അർദ്ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.