
കൊച്ചി: വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപം പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നു. വിവിധ എക്‌സ്ചേഞ്ചുകളിലെ കണക്കുകളനുസരിച്ച് സെപ്തംബറിൽ ഇതുവരെ ഇന്ത്യൻ ഓഹരി വിപണിയിലെത്തിയത് 57,359 കോടി രൂപയുടെ വിദേശ നിക്ഷേപമാണ്. ആഗസ്റ്റിൽ വിദേശ ഫണ്ടുകൾ 7,322 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യയിൽ വാങ്ങിയത്. നടപ്പു വർഷം ഇതുവരെ വിദേശ ധന സ്ഥാപനങ്ങളുടെ നിക്ഷേപം ഒരു ലക്ഷം കോടി രൂപ കവിഞ്ഞെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
വിദേശ നിക്ഷേപത്തിന്റെ കരുത്തിൽ ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞ വാരം റെക്കാഡ് മുന്നേറ്റമാണ് കാഴ്ചവെച്ചത്. സെൻസെക്‌സ് കഴിഞ്ഞ വാരം 1,027 പോയിന്റ് നേട്ടവുമായി 85,571.85ൽ അവസാനിച്ചു. നിഫ്‌റ്റി 388.05 പോയിന്റ് ഉയർന്ന് 26,179ൽ അവസാനിച്ചു. ഒരവസരത്തിൽ സെൻസെക്‌സും നിഫ്റ്റിയും യഥാക്രമം 85,978.25ലും 26,277.35ലുമെത്തി റെക്കാഡിട്ടിരുന്നു. ഇടത്തരം കമ്പനികളുടെ ഓഹരി സൂചികയും മികച്ച നേട്ടമുണ്ടാക്കി.
വിപണി വിഹിതത്തിൽ റിലയൻസ് മുന്നിൽ
കഴിഞ്ഞ ദിവസങ്ങളിലെ ഓഹരി വിപണിയിലെ മികച്ച മുന്നേറ്റത്തിന്റെ കരുത്തിൽ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്‌ട്രീസിന്റെ വിപണി വിഹിതം 20.65 ലക്ഷം കോടി രൂപയായി. പ്രമുഖ ഐ.ടി കമ്പനിയായ ടി.സി.എസിന്റെ വിപണി വിഹിതം 15.59 ലക്ഷം കോടി രൂപയിലെത്തി. 13.73 ലക്ഷം കോടി രൂപയുടെ വിപണി വിഹിതവുമായി എച്ച്.ഡി.എഫ്.സി ബാങ്കാണ് മൂന്നാം സ്ഥാനത്ത്. കേരളം ആസ്ഥാനമായ കമ്പനികളിൽ 82,611 കോടി രൂപയുടെ വിപണി വിഹിതവുമായി മുത്തൂറ്റ് ഫിനാൻസാണ് ഒന്നാം സ്ഥാനത്ത്.
ആവേശം സൃഷ്‌ടിക്കുന്നത്
അമേരിക്കയിൽ പലിശ കുറച്ചതോടെ മികച്ച സാദ്ധ്യതയുള്ള ഇന്ത്യൻ വിപണിയോട് നിക്ഷേപകർക്ക് പ്രിയമേറുന്നു
ഇന്ത്യയുടെ മികച്ച ആഭ്യന്തര മൊത്തം ഉത്പാദനം നടപ്പുവർഷം ഏഴ് ശതമാനമാകുമെന്ന പ്രതീക്ഷ
ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളിലും ഇന്ത്യൻ കമ്പനികൾ മികച്ച പ്രകടനം നടത്തുന്നു
വ്യവസായിക, സാമ്പത്തിക മേഖലയ്ക്ക് ഉണർവ് നൽകുന്ന കേന്ദ്ര സർക്കാരിന്റെ പ്രവർത്തനം