
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കൊടുമുടി കയറുന്നതിടെ ശ്വാസതടസം നേരിട്ട യുവാവിന് ദാരുണാന്ത്യം. ഇടുക്കി വെള്ളത്തൂവല്‍ കമ്പിളി കണ്ടം പൂവത്തിങ്കല്‍ വീട്ടില്‍ അമല്‍ മോഹന്‍ (34) ആണ് മരിച്ചത്. ഉത്തരാഖണ്ഡിലെ ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയായിരുന്നു.
സമുദ്രനിരപ്പില്‍ നിന്നും 6268 മീറ്റര്‍ ഉയരത്തിലാണ് ഗരുഡ കൊടുമുടി സ്ഥിതി ചെയ്യുന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കൊല്ലം ശൂരനാട് തെക്ക് അമ്പാടിയില്‍ വിഷ്ണു ജി നായരാണ് അമലിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് വെള്ളിയാഴ്ച വൈകിട്ട് അധികൃതരെ അറിയിച്ചത്. അടിയന്തരമായി എയര്‍ലിഫ്റ്റിംഗ് വേണമെന്നും വിഷ്ണു ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ ആരോഗ്യസ്ഥിതി മോശമായ അമല്‍ മരണപ്പെടുകയായിരുന്നു. അമലിന്റെ ഭൗതിക ശരീരം കേദാര്‍നാഥില്‍ നിന്ന് ഹെലികോപ്ടറില്‍ ജോഷിമഠില്‍ എത്തിച്ചു. ജോഷിമഠ് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികൾ പൂര്‍ത്തിയാക്കിയതിനുശേഷം എംബാം ചെയ്ത് മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരും.
എത്രയും വേഗം നടപടി പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഇടപെട്ടിട്ടുണ്ടെന്ന് നോര്‍ക്ക സിഇഒ അജിത് കോളശേരി അറിയിച്ചു. നോര്‍ക്കയുടെ ന്യൂഡല്‍ഹിയിലെ എന്‍ ആര്‍ കെ ഡെവലപ്‌മെന്റ് ഓഫീസാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.