x

ലക്നൗ: മുംബയ്‌യുടെ സൂപ്പ‌ർ ബാറ്റിംഗ് ഓൾറൗണ്ടറും ഇന്ത്യൻ ടെസ്റ്റ് താരം സർഫ്രാസ് ഖാന്റെ ഇളയ സഹോദരനുമായ മുഷീർ ഖാന് കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ലക്‌നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഷീറിന്റെ കഴുത്തിന്റെ ഭാഗത്ത് പൊട്ടലുണ്ട്.താരം അപകടനില തരണം ചെയ്തതായി ഡോക്‌ടർമാർ അറിയിച്ചു. അതേസമയം മുഷീറിന് മൂന്ന് മാസമെങ്കിലും വിശ്രമം വേണ്ടിവരും. സ്വദേശമായ അസംഗഡിൽ നിന്ന് ഇറാനി ട്രോഫിയിൽ കളിക്കാനായി പിതാവും കോച്ചുമായ നൗഷാദ് ഖാനും മറ്റ് രണ്ട് പേർക്കുമൊപ്പം

ലക്നൗവിലേക്ക് പോകുന്നതിനിടെയാണ് ്അപകടം. പൂർവാഞ്ചൽ എക്സ്‌പ്രസ്‌വേയിൽ വച്ച് ഡിവൈഡറിൽ ഇടിച്ച്

നിയന്ത്രണം നഷ്ടമായ കാർ പലതവണ മലക്കം മറിഞ്ഞു.

ബി.സി.സി.ഐയുടേയും മുംബയ് ക്രിക്കറ്റ് അസോസിയേഷന്റെയും ഡോക്ടർമാർ മുഷീറിന്റെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും അധികം വൈകാതെ അദ്ദേഹത്തെ മുംബയി‌ലെ ആശുപത്രിയിലേക്ക് എയർലി‌ഫ്റ്റ് ചെയ്യുമെന്നും എം.സി.എ സെക്രട്ടറി അഭയ് ഹദാപ് പറഞ്ഞു.

19കാരനായ മുഷീർ മുംബയ്‌യും റസ്റ്റ് ഓഫ് ഇന്ത്യയും തമ്മിലുള്ള ഇറാനി ട്രോഫി മത്സരത്തിൽ കളിക്കാനായാണ് ലക്‌നൗവിലേക്ക് യാത്രതിരിച്ചത്. ആഭ്യന്തരക്രിക്കറ്റിൽ മികച്ച ഫോമിലുള്ലപ്പോഴാണ് താരത്തിന് പരിക്കേൽക്കുന്നത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 15 ഇന്നിംഗ്‌സുകളിൽ നിന്നായി മൂന്ന് സെഞ്ചറികളും ഒരു അർദ്ധ സെഞ്ചറിയും അടക്കം 716 റൺസ് താരം നേടിയിട്ടുണ്ട്. ഇടം കൈയൻ സ്പിന്നർ കൂടിയായ മുഷീ‌ർ എട്ട് വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യ അണ്ടർ 19 ടീമിലും താരം കളിച്ചിട്ടുണ്ട്. ദുലീപ് ട്രോഫിയിൽ ഇന്ത്യ ബിക്കു വേണ്ടി കളിക്കാനിറങ്ങിയ മുഷീർ, ഇന്ത്യ എ ടീമിനെതിരെ 181 റൺസാണ് അടിച്ചുകൂട്ടിയത്.