
ലക്‌നൗ: കാമുകിയുടെ ആഡംബര ആവശ്യങ്ങൾക്കായി മോഷണം നടത്തിയ നിയമവിദ്യാർത്ഥി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് സംഭവം.
ജൗൻപുർ സ്വദേശിയായ അബ്ദുൾ ഹലീമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. അടുത്തിടെ ലക്‌നൗവിലെ ഗോമതി നഗറിൽ മോഷണ പരമ്പര നടന്നതിനെ തുടർന്ന് സിസി ടി.വി ദൃശ്യങ്ങളുൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് അബ്ദുളിനെ പിടികൂടിയത്. മോഷണം നടത്തിയതിനുള്ള കാരണമാണ് എല്ലാവരേയും ഞെട്ടിച്ചത്. കാമുകിയുടെ ആഡംബരത്തിനും വലിയ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമാണ് മോഷണം നടത്തിയതെന്നാണ് ഇയാൾ പറഞ്ഞത്. മോഷ്ടിച്ച ആഭരണങ്ങളും പണവും കണ്ടെടുത്തു. ഒരാഴ്ചയ്ക്കിടെ മൂന്ന് വീടുകളിലാണ് കവർച്ച നടത്തിയത്.
ഷോപ്പിംഗ്, മാളുകളും ക്ലബ്ബുകളും സന്ദർശിക്കൽ, ഐ ഫോൺ വാങ്ങൽ, സിനിമ തുടങ്ങി നിരവധി ആവശ്യങ്ങളാണ് കാമുകിക്കുള്ളത്. ഇവയ്ക്ക് പണം കണ്ടെത്താനായാണ് മോഷണത്തിലേക്ക് തിരിഞ്ഞത്. മോഷണത്തിനിടെ ഒരു വീട്ടിലെ സി.സി ടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കാൻ നിർണായകമായത്.