
ടെൽ അവീവ്:ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന്റെ അവസാനവാക്കായ
സെക്രട്ടറി ജനറൽ ഹസൻ നസ്രള്ളയെ (64) ഇസ്രയേൽ വ്യോമാക്രമണത്തിൽ വധിച്ചു. ഇസ്രയേലിനെ ഭയന്ന് നസ്രള്ള ഒളിവിൽ കഴിഞ്ഞിരുന്ന ബെയ്റൂട്ടിലെ ഭൂഗർഭ കേന്ദ്രം ബോംബാക്രമണത്തിൽ ചിന്നിച്ചിതറി. നസ്രള്ളയുടെ മകൾ സൈനബും ഉന്നത കമാൻഡർ അലി കരാകെ അടക്കം അഞ്ച് ഹിസ്ബുള്ള ഉന്നതരും കൊല്ലപ്പെട്ടു. ഹ്സിബുള്ളയുടെ സഹസ്ഥാപകനായ നസ്രള്ള 32 വർഷമായി തലവനായിരുന്നു. പശ്ചിമേഷ്യയിലെ ശക്തനായ ഷിയാ നേതാവായിരുന്നു.
ബെയ്റൂട്ടിലെ ഹിസ്ബുള്ള ശക്തികേന്ദ്രമായ ദാഹിയേയിൽ കെട്ടിടസമുച്ചയങ്ങൾക്ക് അടിയിൽ ഭൂഗർഭ ആസ്ഥാനത്താണ് നസ്രള്ള കഴിഞ്ഞിരുന്നത്. ന്യൂ ഓർഡർ എന്ന പേരിൽ നടത്തിയ ഓപ്പറേഷനിൽ ബങ്കറുകൾ തകർക്കുന്ന മാരകശേഷിയുള്ള ബോംബുകളാണ് ഇസ്രയേൽ പ്രയോഗിച്ചത്. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട നസ്രള്ളയുടെ ബന്ധുവും ഹിസ്ബുള്ളയുടെ എക്സിക്യൂട്ടിവ് കൗൺസിൽ തലവനുമായ ഹാഷിം സഫീദിൻ ഗ്രൂപ്പിന്റെ പുതിയ മേധാവിയാകും. ഇയാൾ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
പൊതുവേദികളിൽ വരാതെ ടെലിവിഷനിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന നസ്രള്ള വർഷങ്ങളായി ഇസ്രയേലിന്റെ നിരീക്ഷണത്തിലായിരുന്നു. ഹിസ്ബുള്ളയുടെ ആസ്ഥാനവും ആയുധശാലകളും ഉൾപ്പെടെ 140 കേന്ദ്രങ്ങളാണ് ഇസ്രയേൽ തച്ചുതകർത്തത്.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യു.എൻ. സമ്മേളനത്തിൽ ഹിസബുള്ളയ്‌ക്കെതിരെ ആഞ്ഞടിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം. സന്ദർശനം വെട്ടിച്ചുരുക്കി നെതന്യാഹു നാട്ടിലേക്ക് തിരിച്ചു.
ഓപ്പറേഷൻ ന്യൂ ഓർഡർ
വെള്ളിയാഴ്ച രാത്രി ഇസ്രയേൽ പോർവിമാനങ്ങൾ ദാഹിയയിലേക്ക്
ഒരു ടൺ ഭാരമുള്ള 80 'ബങ്കർ-ബസ്റ്റർ' ബോംബുകൾ വർഷിച്ചു
യു. എസിന്റെ ജി.ബി.യു - 72, ജി.ബി.യു - 31, ഇസ്രയേലിന്റെ സ്പൈസ് 2000 ബോംബുകൾ
30 കിലോമീറ്റർ അകലെ വരെ പ്രകമ്പനം
ആറ് കെട്ടിട സമുച്ചയങ്ങൾ തകർന്നു
അടുത്തത് ഖമനേയി ?
ഹിസ്ബുള്ളയെ പിന്തുണയ്ക്കുന്ന ഇറാനിലെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇസ്രയേലിന്റെ നോട്ടപ്പുള്ളിയാണ് ഖമനേയി.
ഹിസ്ബുള്ളയുടെ തലച്ചോർ
ഹിസ്ബുള്ളയെ രാഷ്ട്രീയ, സായുധ ശക്തിയാക്കി
ഇരുപത് വർഷമായി പൊതുവേദികളിൽ ഇല്ല
ടെലിവിഷനിൽ തീപാറുന്ന പ്രസംഗങ്ങൾ
ഇറാനിൽ നിന്ന് ആയുധങ്ങൾ എത്തിച്ചു
ഹിസ്ബുള്ളയെ ലെബനീസ് സൈന്യത്തേക്കാൾ ശക്തമാക്കി
തെക്കൻ ലെബനനിൽ 18 വർഷത്തെ അധിനിവേശം അവസാനിപ്പിച്ച് ഇസ്രയേൽ സേനയെ തുരത്തി
ഇസ്രയേലിന്റെ നോട്ടപ്പുള്ളി
ഇറാൻ, ഹമാസ്, ഹൂതി ബന്ധം
1978 - 1982 ഷിയ സംഘടന അമാൽ മൂവ്മെന്റിന്റെ ഭാഗം
1982ൽ ഹിസ്ബുള്ളയുടെ സഹസ്ഥാപകൻ
1992ൽ ഇസ്രയേൽ അബ്ബാസ് അൽ മുസാവിയെ വധിച്ചതോടെ തലവൻ
നേതൃത്വ പ്രതിസന്ധി
ഓപ്പറേഷൻസ് മേധാവി ഇബ്രാഹിം അഖ്വിൽ, ഉന്നതകമാൻഡർ ഫൗദ് ഷുക്ക്ർ തുടങ്ങിയ ഉന്നതരെ ഇസ്രയേൽ വധിച്ചതോടെ ഹിസ്ബുള്ള നേതൃത്വ പ്രതിസന്ധിയിലാണ്
രാജ്യത്തിന് ഭീഷണി ഉയർത്തുന്ന ആരെയും വെറുതെവിടില്ല.
- ഇസ്രയേൽ