
മലപ്പുറം: നിരവധി കേസുകളിലുൾപ്പെട്ട പ്രതികളെകാപ്പ ചുമത്തി നാടുകടത്തി. ക്രിമിനൽ കേസുകളിലെ പ്രതികളായ തിരൂർ വെട്ടം പറവണ്ണ സ്വദേശി ചേക്കിന്റെ പുരക്കൽ ബിലാൽ (32), തിരൂർ വാക്കാട് സ്വദേശി ഏനിക്കാക്കാന്റെ പുരക്കൽ സലീം (35), എടക്കര പാലേമാട് സ്വദേശി എടക്കണ്ടത്തിൽ വീട്ടിൽ ശ്രീജിത്ത് (24) എന്നിവരെയാണ് കാപ്പ നിയമം ചുമത്തി നാടുകടത്തിയത്. കൊലപാതക ശ്രമം അടക്കമുള്ള കേസുകളിലെ പ്രതിയാണ് ബിലാൽ. കഞ്ചാവ് കടത്ത് കേസുകളിലെ പ്രതികളാണ് സലീം, ശ്രീജിത്ത് എന്നിവർ. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആണ് ഉത്തരവിറക്കിയത്. ശ്രീജിത്തിനെതിരെ ഒരു വർഷത്തേക്കും ബിലാൽ, സലീം എന്നിവർക്കെതിരെ ആറ് മാസക്കാലത്തേക്കുമാണ് മലപ്പുറം ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവിൽ വിലക്ക് ലംഘിച്ച് ജില്ലയിലേക്ക് പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യും.