ഹരിപ്പാട്: ചിങ്ങോലിയിൽ യുവാവിനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടു പ്രതികൾ കോടതിയിൽ കീഴടങ്ങി. രണ്ടാംപ്രതി മുതുകുളം ഗ്രാമപ്പഞ്ചായത്തംഗം മുതുകുളം വടക്ക് കടയശ്ശേരിൽ വീട്ടിൽ മിഥുലേഷ് മനോഹരൻ(31), മൂന്നാം പ്രതി കടയശ്ശേരിൽ വീട്ടിൽ അഖിലേഷ് (21) എന്നിവരാണ് ഹരിപ്പാട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. ഇവരെ റിമാൻഡ് ചെയ്തു. ഒന്നാം പ്രതി ചിങ്ങോലി പ്രസാദ് ഭവനത്തിൽ പ്രവീൺ ഇപ്പോഴും ഒളിവിലാണ്. 8 പ്രതികളാണ് ആകെ സംഭവത്തിൽ ഉള്ളത്. ചിങ്ങോലി വിശാഖം വീട്ടിൽ അനീഷ് (35), ചേപ്പാട് രാകേഷ് ഭവനത്തിൽ രാകേഷ് (36), മുതുകുളം വടക്ക് നടയിൽ പടീറ്റതിൽ ഹേമന്ത് (19), രാകേഷ് ഭവനത്തിൽ രാകേഷ് (24), ശ്രീവത്സം വീട്ടിൽ ശിവ എസ്. സുരേഷ് (20) എന്നിവരെ കേസിൽ കരീലകുളങ്ങര പൊലീസ് നേരത്തേ അറസ്റ്റു ചെയ്തിരുന്നു. ഉത്രാട ദിവസം രാത്രി പത്തരയോടെ ചിങ്ങോലി അനിതാ ഭവനത്തിൽ അർജുനാണ് (28) വെട്ടേറ്റത്. അർജുൻ സുഹൃത്തിന്റെ വീട്ടിൽ നിൽക്കുമ്പോൾ മൂന്നു ബൈക്കുകളിൽ മാരകായുധങ്ങളുമായെത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു. രണ്ടുകാലിനും മുഖത്തും വലതു കൈക്കും വെട്ടേറ്റ അർജുൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്.