
കൊച്ചി: തുടർച്ചയായ ആറാം വാരത്തിലും ഇന്ത്യയുടെ വിദേശ നാണയശേഖരത്തിൽ റെക്കാഡ് കുതിപ്പ്. സെപ്തംബർ 20ന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 284 കോടി ഡോളർ വർദ്ധനയോടെ 69,230 കോടി ഡോളറിലെത്തി. കഴിഞ്ഞ ആറ് ആഴ്ചയിൽ വിദേശ നാണയ ശേഖരത്തിലെ വർദ്ധന 2,214 കോടി ഡോളറാണ്. വിദേശ നാണയ ശേഖരത്തിലെ സ്വർണ മൂല്യം 72.6 കോടി ഡോളർ വർദ്ധിച്ച് 6,360 കോടി ഡോളറായി. രൂപയുടെ മൂല്യത്തിലെ വർദ്ധന നിയന്ത്രിക്കാൻ റിസർവ് ബാങ്ക് വിപണിയിൽ നിന്ന് വൻ തോതിൽ ഡോളർ വാങ്ങുന്നതാണ് പ്രധാനമായും വിദേശ നാണയ ശേഖരം ഉയർത്തുന്നത്.