
ഗാസിയാബാദ്: വീട്ടിൽ നിന്ന് 500 രൂപ കാണാതായെന്ന് ആരോപിച്ച് പത്ത് വയസുകാരനെ പിതാവ് അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ത്യോഡി ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ പിതാവിനെയും രണ്ടാനമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പിതാവ് നൗഷാദിനും രണ്ടാനമ്മ റസിയയ്ക്കുമൊപ്പമാണ് 10 വയസുകാരനായ ആദ് താമസിച്ചിരുന്നത്. ഇവർ കുട്ടിയെ ആവശ്യമില്ലാതെ മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അയൽക്കാർ പറയുന്നു. ശനിയാഴ്ച രാവിലെയാണ് ദമ്പതികൾ വീട്ടിൽ സൂക്ഷിച്ചിരുന്ന 500 രൂപ കാണാനില്ലെന്ന് പറഞ്ഞ് ആദിനെ മർദ്ദിക്കുന്നത്. ആദ് പണം മോഷ്ടിച്ചെന്നാണ് ദമ്പതികൾ ആരോപിക്കുന്നത്. കൽക്കരി സ്റ്റൗ കത്തിക്കാൻ ഉപയോഗിക്കുന്ന ലോഹ പെെപ്പ് ഉപയോഗിച്ചാണ് നൗഷാദ് കുട്ടിയെ മർദ്ദിച്ചത്. കുട്ടിയുടെ തലയ്ക്കേറ്റ ശക്തമായ അടിയാണ് മരണകാരണമെന്നാണ് വിവരം.
നൗഷാദ് തന്റെ മകനെ സ്ഥിരമായി മർദ്ദിക്കുമായിരുന്നുവെന്ന് പ്രദേശവാസിയായ റാഹത്ത് അലി ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. ആദിന്റെ മറ്റ് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഗാസിയാബാദ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ഗ്യാൻ പ്രകാശ് റായ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.