
ബെയ്‌റൂട്ട്: ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന്റെ അവസാന വാക്കായ സെക്രട്ടറി ജനറൽ ഹസൻ നസ്രള്ളയെ (64) ഇസ്രയേൽ വധിച്ചതിന് പിന്നാലെ ഇറാന്റെ പരമോന്നത ആത്മീയ നേതാവ് അയത്തുള്ള അലി ഖമനേയിയെ (85) രഹസ്യകേന്ദ്രത്തിലേയ്ക്ക് മാറ്റിയതായി വിവരം. അർദ്ധരാത്രിയോടെയാണ് നേതാവിനെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയത്. അദ്ദേഹത്തിന് സുരക്ഷ വർദ്ധിപ്പിച്ചതായും അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു.
ബെയ്റൂട്ടിലെ ഭൂഗർഭ കേന്ദ്രത്തിൽ വ്യോമാക്രമണം നടത്തിയാണ് ഹിസ്‌ബുള്ളയുടെ ഉന്നത നേതാവിനെ ഇസ്രയേൽ സൈന്യം വധിച്ചത്. നസ്രള്ളയുടെ മകൾ സൈനബും ഉന്നത കമാൻഡർ അലി കരാകെ അടക്കം അഞ്ച് ഹിസ്ബുള്ള ഉന്നതരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഹിസ്‌ബുള്ളയുടെ സഹസ്ഥാപകനായ നസ്രള്ള 32 വർഷമായി സംഘടനാ തലവനായിരുന്നു. പശ്ചിമേഷ്യയിലെ ശക്തനായ ഷിയാ നേതാവ് കൂടിയായിരുന്നു നസ്രള്ള. അദ്ദേഹത്തിന്റെ മരണശേഷം അടുത്ത നീക്കങ്ങൾ ചർച്ച ചെയ്യാൻ ഹിസ്‌ബുള്ളയുമായും മറ്റ് സമാന സംഘടനകളുമായും ഇറാൻ നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. ഇതിനുശേഷമാണ് പരമോന്നത നേതാവിനെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയത്.
ഒരുവർഷത്തിനിടെ ഹമാസിന്റെയും ഹിസ്‌ബുള്ളയുടെയും പത്ത് ശക്തരായ നേതാക്കന്മാരാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഹമാസ് ഉപമേധാവി സാലിഹ് അൽ അരൂരി, നസ്രള്ളയുടെ വലംകയ്യും സീനിയർ കമാൻഡറുമായ ഫുഅദ് ഷുക്കുർ, ഹമാസ് മേധാവി ഇസ്‌മായിൽ ഹനിയ എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ബെയ്റൂട്ടിലെ ഹിസ്ബുള്ള ശക്തികേന്ദ്രമായ ദാഹിയേയിൽ കെട്ടിടസമുച്ചയങ്ങൾക്ക് അടിയിൽ ഭൂഗർഭ ആസ്ഥാനത്താണ് നസ്രള്ള കഴിഞ്ഞിരുന്നത്. 'ന്യൂ ഓർഡർ' എന്ന പേരിൽ നടത്തിയ ഓപ്പറേഷനിൽ ബങ്കറുകൾ തകർക്കുന്ന മാരകശേഷിയുള്ള ബോംബുകളാണ് ഇസ്രയേൽ പ്രയോഗിച്ചത്. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട നസ്രള്ളയുടെ ബന്ധുവും ഹിസ്ബുള്ളയുടെ എക്സിക്യൂട്ടിവ് കൗൺസിൽ തലവനുമായ ഹാഷിം സഫീദിൻ ഗ്രൂപ്പിന്റെ പുതിയ മേധാവിയാകും. ഇയാൾ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. പൊതുവേദികളിൽ വരാതെ ടെലിവിഷനിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന നസ്രള്ള വർഷങ്ങളായി ഇസ്രയേലിന്റെ നിരീക്ഷണത്തിലായിരുന്നു. ഹിസ്ബുള്ളയുടെ ആസ്ഥാനവും ആയുധശാലകളും ഉൾപ്പെടെ 140 കേന്ദ്രങ്ങളാണ് ഇസ്രയേൽ തകർത്തത്.