
കുട്ടികൾക്കായി ദേശീയ പെൻഷൻ വാത്സല്യ (എൻ പി എസ് വാത്സല്യ) ഫെഡറൽ ബാങ്ക് പുറത്തിറക്കി. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനായി കേന്ദ്രസർക്കാർ ആരംഭിച്ചതാണ് എൻ.പി.എസ് വാത്സല്യ. ഇതിലൂടെ കുട്ടിയുടെ പേരിൽ രക്ഷിതാക്കൾക്ക് നിക്ഷേപം നടത്താം. കുട്ടി പ്രായപൂർത്തിയാകുമ്പോൾ സ്വന്തം പേരിലുള്ള സാധാരണ എൻ.പി.എസ് അക്കൗണ്ടായി മാറും. ആയിരം രൂപയാണ് പദ്ധതിയിലേക്ക് പ്രതിവർഷം അടയ്‌ക്കേണ്ട കുറഞ്ഞ തുക. കുട്ടികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്ന സുപ്രധാന ചുവടുവെയ്പ്പാണ് എൻ.പി.എസ് വാത്സല്യ പദ്ധതിയെന്ന് കൊച്ചി ഫെഡറൽ ബാങ്ക് കൺട്രി ഹെഡും സീനിയർ വൈസ് പ്രസിഡന്റുമായ പി വി ജോയ് പറഞ്ഞു.
18 വയസ് തികയാത്തവർക്ക്
# 18 വയസ്സിന് താഴെയുള്ളവരുടെ പേരിൽ രക്ഷിതാവ് അക്കൗണ്ട് തുറക്കും. അക്കൗണ്ട് ഗുണഭോക്താവ് ആ കുട്ടി ആയിരിക്കും. പ്രായപൂർത്തിയാകുമ്പോൾ, പ്ലാൻ സാധാരണ എൻ.പി.എസ് അക്കൗണ്ടാക്കി മാറ്റാം.
# പ്രമുഖ ബാങ്കുകൾ, ഇന്ത്യാ പോസ്റ്റ്, പെൻഷൻ ഫണ്ടുകൾ, ഓൺലൈൻ പ്ലാറ്റ്ഫോം (ഇ-എൻപിഎസ്) എന്നിവ വഴി അക്കൗണ്ട് തു റക്കാം.
# പ്രതിവർഷം കുറഞ്ഞത് 1000 രൂപ വിഹിതം അടയ്‌ക്കണം. പരമാവധി വിഹിതത്തിന് പരിധിയില്ല.
വരിക്കാർക്ക് സർക്കാർ ഓഹരികൾ, കോർപ്പറേറ്റ് ഡെബ്റ്റ്, ഇക്വിറ്റി എന്നിവയിൽ നിക്ഷേപത്തിന് സൗകര്യം.
പെൻഷൻ ആനുകൂല്യം
നാഷണൽ പെൻഷൻ സ്‌കീമാണ് ( എൻപിഎസ്) പദ്ധതി. പ്രതിമാസം ലഭിക്കുന്ന ശമ്പളത്തിൽ നിന്നും ചെറിയ വിഹിതം ഈ പദ്ധതിയിൽ നിക്ഷേപിക്കുകയാണെങ്കിൽ മികച്ച തുക പെൻഷനായി നേടാം. പ്രായപൂർത്തിയായ ഏതൊരാൾക്കും എൻപിഎസിൽ ചേരാവുന്നതാണ്. ഒരാൾക്ക് 18 വയസ് മുതൽ 70 വയസ് വരെ നിക്ഷേപം നടത്താവുന്നതാണ്. എൻപിഎസിൽ രണ്ട് വിഭാഗത്തിലുളള അക്കൗണ്ടുകളുണ്ട്.
ആദ്യത്തെ വിഭാഗത്തിൽ 60 വയസുവരെ നിക്ഷേപകന് പദ്ധതിയിൽ തുടരാം. ജോലിയിൽ നിന്നും വിരമിക്കുന്ന സമയത്ത് ആകെ നിക്ഷേപത്തിൽ നിന്നും 60 ശതമാനം പണം വരെ അക്കൗണ്ട് ഉടമയ്ക്ക് ഒറ്റത്തവണയായി പിൻവലിക്കാവുന്നതാണ്. ബാക്കി 40 ശതമാനം അക്കൗണ്ടിൽ അവശേഷിപ്പിക്കാം. അത്തരത്തിൽ ചെയ്തില്ലെങ്കിൽ മുഴുവൻ തുകയുടെ നിരക്കിൽ പെൻഷൻ ലഭിക്കും. അതിനാൽത്തന്നെ കൂടുതൽപേരും 60 വയസുവരെയും അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിക്കാറില്ല.
ആദ്യത്തെ വിഭാഗത്തിലാണ് നിക്ഷേപം നടത്തുന്നതെങ്കിൽ ആദായനികുതി വകുപ്പിന്റെ സെക്ഷൻ 80 സി പ്രകാരം ഒരു സാമ്പത്തിക വർഷത്തിൽ ഒന്നരലക്ഷം രൂപ വരെ നികുതിയിനത്തിൽ ഇളവ് ലഭിക്കും. കൂടാതെ സെക്ഷൻ സിസിഡി പ്രകാരം 50,000 രൂപയുടെ ഇളവും ലഭിക്കും.എന്നാൽ രണ്ടാമത്തെ വിഭാഗത്തിൽ ഉടമയ്ക്ക് എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാവുന്നതാണ്. പക്ഷെ ഇതിന് പ്രത്യേക നികുതി ഇളവൊന്നും ലഭിക്കാറില്ല.