
സെപ്തംബർ മാസം അവസാനിക്കുകയാണ്. ഈ ഒക്ടോബർ മാസവും വാഹനപ്രേമികളെ സംബന്ധിച്ച് അടിപൊളി മാസമാണ്. ഈ ഒക്ടോബറിൽ ഇന്ത്യയിൽ കിയ, ബിവൈഡി, മെഴ്സിഡസ് ബെൻസ് എന്നീ കാറുകൾ തങ്ങളുടെ പുതിയ മോഡലുകൾ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. ആ മോഡലുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
കിയ കാർണിവൽ പുതിയ എഡിഷൻ
കിയയുടെ ഏറ്റവും പുതിയ മോഡൽ കാർണിവലിന്റെ വില ഒക്ടോബർ മൂന്നിന് കമ്പനി പുറത്തുവിടും. പഴയതിൽ നിന്നും വ്യത്യസ്തമായി വലിയ മാറ്റമാണ് പുതിയ മോഡലിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ലിമോസിൻ, ലിമോസിൻ പ്ലസ് എന്നീ രണ്ട് വേരിയന്റുകളിലാണ് വാഹനം പുറത്തിറങ്ങുന്നത്. പ്രതീക്ഷിക്കുന്ന വില 50 ലക്ഷമാണ്. 2.2 ലിറ്റർ, നാല് സിലിണ്ടറിലുള്ള ഡീസൽ എഞ്ചിനാണ് വാഹനത്തിൽ ഉൾപ്പെടുത്തിയേക്കുക. 193 ബിഎച്ച്പി പവറും 441എൻഎം ടോർക്കും പുറപ്പെടുവിക്കും.
കിയ ഇവി 9
ആറ് സീറ്റ് വേരിയന്റിൽ മാത്രം ലഭ്യമാകുന്ന കിയയുടെ ഇവി 9 ഒക്ടോബർ മൂന്നിന് പുറത്തിറങ്ങിയേക്കും. രണ്ട് ഇലക്ട്രിക്ക് മോട്ടോറിൽ പുറത്തിറങ്ങുന്ന ഇവി 9ൽ 99.8 കിലോവാട്ട് ബാറ്ററി പാക്കാണ് ഉൾപ്പെടുത്തുക. 384 ബിഎച്ച്പി പവറും 700 എൻഎം ടോർക്കും പുറപ്പെടുവിക്കും. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ സർട്ടിഫൈ ചെയ്ത ഈ വാഹനത്തിന് ഒറ്റ ചാർജിൽ 561 കിലോ മീറ്റർ റേഞ്ച് ലഭിക്കും. ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 24 മിനിറ്റിനുള്ളിൽ പത്ത് ശതമാനം ചാർജിൽ നിന്ന് 80 ശതമാനം ചാർജിലേക്ക് എത്തിക്കാം.
ബിവൈഡി ഇ-മാക്സ് 7
ചൈനീസ് വാഹന നിർമ്മാതാക്കളായ ബിവൈഡി തങ്ങളുടെ ഏറ്റവും പുതിയ മോഡൽ ഒക്ടോബർ എട്ടിന് പുറത്തിറക്കും. ഇ മാക്സ് 7 എന്ന പേരിട്ട മോഡൽ മൂന്ന് വരി സീറ്റിംഗ് ലേഔട്ടും നൂതന സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്. പനോരമിക് ഗ്ലാസ് റൂഫ്, പ്രീമിയം സ്വിച്ച് ഗിയർ, സോഫ്റ്റ്ടച്ച് മെറ്റീരിയലുകൾ, പുതുക്കിയ സെന്റർ കൺസോൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആഗോളതലത്തിൽ, 55.4കിലോ വാട്ട്, 71.8 കിലോ വാട്ട് ബാറ്ററികളിൽ ഇ-മാക്സ് 7 ലഭ്യമാണ്, യഥാക്രമം 420 കിലോ മീറ്റർ, 530 കിലോ മീറ്റർ എന്നിങ്ങനെയാണ് ഒറ്റ ചാർജിലെ റേഞ്ച്.
മെഴ്സിഡസ് ബെൻസ് ഇക്ലാസ് എൽഡബ്ല്യുബി
മെഴ്സിഡസ് ബെൻസ് ഇക്ലാസ് എൽഡബ്ല്യുബിയുടെ ലോഞ്ച് ഒക്ടോബർ 9ന് നടക്കും. 14.4 ഇഞ്ച് സെൻട്രൽ ടച്ച്സ്‌ക്രീൻ, 12.3 ഇഞ്ച് പാസഞ്ചർ ടച്ച്സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഉൾക്കൊള്ളുന്ന മെഴ്സിഡസ് സൂപ്പർസ്‌ക്രീനാണ് ഉള്ളിലെ പ്രധാന ഹൈലൈറ്റ്. ബർമെസ്റ്ററിന്റെ 4ഡി സറൗണ്ട് സൗണ്ട് സിസ്റ്റവും 26 മുതൽ 36 ഡിഗ്രി വരെ ചാരിയിരിക്കുന്ന ബാക്ക്‌റെസ്റ്റും പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. 204ബിഎച്ച്പി 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 197 ബിഎച്ച്പി 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുമാണ് ഓപ്ഷനുകൾ, രണ്ടും 48 വി മൈൽഡ് ഹൈബ്രിഡ് സിസ്റ്റം കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.