
അടിമാലി: സാനിറ്ററി പാഡുകൾ സംസ്കരിക്കുന്നതിനുള്ള ഇൻസിനറേറ്റർ നിർമ്മിച്ച് അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസ് ബാച്ചിലെ വിദ്യാർത്ഥികൾ. പെൺകുട്ടികൾക്കായാണ് സാനിറ്ററി പാഡ് ഇൻസിനറേറ്റർ മെഷീനുകൾ കുട്ടികൾ നിർമ്മിച്ചത്. പ്രൊജക്ട് വർക്കിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ നിർമ്മാണം ആരംഭിച്ചത്.
ആദ്യം സ്കൂളിലേക്കും സ്കൂളിലെ മറ്റ് സെക്ഷനുകളിലേക്കുമായിരുന്നു മെഷീനുകൾ നിർമ്മിച്ചത്. നിർമ്മാണത്തിനാവശ്യമായ വൈദ്യുതി സാമഗ്രികളെല്ലാം ഓൺലൈനായി വരുത്തി. മെഷീന്റെ ഔട്ടർ ബോഡി രൂപകൽപ്പനയും വെൽഡിങ് ഉൾപ്പെടെയുള്ള എല്ലാ ജോലികളും കുട്ടികൾ തന്നെ ചെയ്തു. കുട്ടികൾക്ക് വെൽഡിങ് പരിശീലനവും അദ്ധ്യാപകർ നൽകിയിരുന്നു.
മെഷീൻ ഓണാക്കി 12 മിനിറ്റ് നേരം പ്രവർത്തിച്ച ശേഷം തനിയെ ഓഫ് ആകും വിധത്തിലാണ് നിർമ്മാണം. പഠനത്തോടൊപ്പം രണ്ടാഴ്ച കൊണ്ടാണ് കുട്ടികൾ ഈ മെഷീനുകൾ നിർമ്മിച്ചത്. വിപണിയിൽ ഏകദേശം 30,000 രൂപ വില വരുന്ന മെഷീൻ കുട്ടികൾ നിർമ്മിച്ചപ്പോൾ ഏകദേശം 12,000 രൂപ മാത്രമാണ് മുതൽമുടക്ക്.
ഇൻസിനറേറ്റർ മെഷീൻ നിർമ്മിക്കുന്നത് അറിഞ്ഞ് സമീപപ്രദേശങ്ങളിലെ സ്കൂളുകളിൽ നിന്നും ഓർഡറുകൾ ലഭിച്ചു തുടങ്ങി. ഇനിയും മെഷീനുകൾ നിർമ്മിച്ചു നൽകാമെന്നുള്ള കുട്ടികളുടെ ആശയത്തിന് ഉറച്ച പിന്തുണയാണ് സ്കൂൾ നൽകുമെന്ന് പ്രിൻസിപ്പൽ എം.എസ്. അജി അറിയിച്ചു. കുട്ടികളായ അമീന സെയ്തു, നീലിന എ.എസ്, അനിരുത് കെ.എസ്, അഡോൺ പോൾ, ബിജിൽ ബെന്നി കോഴ്സ് അദ്ധ്യാപകരായ നിഥിൽ നാഥ് പി.എസ്, അജയ് ബി, അശ്വതി കെ.എസ് എന്നിവരാണ് മെഷീൻ നിർമ്മാണത്തിന് പിന്നിൽ.