balachandramenon-

കൊച്ചി: ബാലചന്ദ്ര മേനോനെ ഫോണിൽ ബന്ധപ്പെട്ടെന്ന് സമ്മതിച്ച് നടിയുടെ അഭിഭാഷകൻ സംഗീത് ലൂയിസ്. മുന്നറിയിപ്പെന്ന നിലയിലാണ് അദ്ദേഹത്തെ ഫോണിൽ വിളിച്ചതെന്നും മൂന്ന് നടിമാർ രഹസ്യ മൊഴി നൽകുമെന്ന കാര്യം അറിയിച്ചെന്നും സംഗീത് ലൂയിസ് ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി. താങ്കൾക്ക് ഇഷ്ടമുള്ളത് ചെയ്യാനായിരുന്നു ബാലചന്ദ്ര മേനോന്റെ മറുപടി. അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും സംഗീത് ലൂയിസ് വ്യക്തമാക്കി.

അതേസമയം, നടി യൂട്യൂബ് ചാനലിലൂടെ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ ബാലചന്ദ്ര മേനോൻ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നടിയുടെ അഭിമുഖം സംപ്രേക്ഷണം ചെയ്ത ചാനലുകൾക്കെതിരെ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്. നടിക്കെതിരെയും അഭിഭാഷകനെതിരെയും നൽകിയ ബ്ലാക്ക്‌മെയിംഗ് പരാതിയിൽ ഡിജിപി ഇന്ന് തീരുമാനമെടുക്കും.

ആലുവ സ്വദേശിനിയായ നടിയാണ് ബാലചന്ദ്ര മേനോനെതിരെ യൂട്യൂബ് ചാനലിലൂടെ ലൈംഗിക ആരോപണം ഉന്നയിച്ചത്. പിന്നാലെ ബാലചന്ദ്ര മേനോൻ യൂട്യൂബ് ചാനലുകൾക്കെതിരെ പരാതി നൽകുകയായിരുന്നു. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് സൈബർ പൊലീസ് ഐടി ആക്ട് പ്രകാരമാണ് കേസെടുത്തത്. നടിയുടെ അഭിഭാഷകനെതിരെയും ബാലചന്ദ്രമേനോൻ കഴിഞ്ഞദിവസം ഡിജിപിക്ക് പരാതി നൽകിയിരുന്നു. ബ്ലാക്ക്‌മെയിൽ ചെയ്‌തെന്നാണ് പരാതി. മൂന്ന് ലൈംഗിക ആരോപണങ്ങൾ തനിക്കെതിരെ ഉടൻ വരുമെന്നായിരുന്നു ഫോണിലൂടെയുള്ള അഭിഭാഷകന്റെ ഭീഷണി. സെപ്തംബർ 13ന് ഭാര്യയുടെ ഫോൺ നമ്പറിലായിരുന്നു കോൾ വന്നത്.

അടുത്തദിവസം നടി സമൂഹമാദ്ധ്യമങ്ങളിൽ ഇക്കാര്യം സൂചിപ്പിച്ച് പോസ്റ്റുമിട്ടു. തന്നെ സമൂഹമാദ്ധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്നും ബാലചന്ദ്രമേനോൻ പറയുന്നു. വക്രബുദ്ധികളായ ധനമോഹികളുടെ ഗൂഢനീക്കത്തിന്റെ ഇരയാണെന്ന് താനെന്നും നടൻ ആരോപിച്ചു.