
ന്യൂഡൽഹി: ജമ്മു കാശ്മീരിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തിൽ നിന്നിറക്കും വരെ മരിക്കില്ലെന്ന് പിന്നീട് ഖാർഗെ പ്രതികരിച്ചു. മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായി കത്വ ജില്ലയിൽ ഇന്നലെ ഉച്ചയ്ക്ക് നടന്ന പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസംഗം തുടങ്ങുമ്പോൾ മുതൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. സംസാരിച്ചു കൊണ്ടിരിക്കെ വാക്കുകൾ മുറിഞ്ഞ് ശ്വാസോച്ഛാസം ദ്രുതഗതിയിലായി. ചെറിയ വിറയൽ അനുഭവപ്പെടുകയും ചെയ്തു. ഉടനെ വേദിയിലുണ്ടായിരുന്ന നേതാക്കൾ താങ്ങി നിറുത്തി. വെള്ളം കുടിച്ച ശേഷം പ്രസംഗം തുടരാൻ ശ്രമിച്ചെങ്കിലും വീണ്ടും ദേഹാസ്വാസ്ഥ്യമുണ്ടായി. സംസാരം അവസാനിപ്പിച്ച് ഇരിപ്പിടത്തിലേക്ക് മടങ്ങി. പിന്നീട് ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി തിരികെ കൊണ്ടുവരുമെന്ന് ഖാർഗെ പ്രതികരിച്ചു. 'എനിക്ക് 83 വയസുണ്ട്. അത്ര പെട്ടെന്നൊന്നും മരിക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തിൽ നിന്ന് ഇറക്കും വരെ ജീവിച്ചിരിക്കും" -ഖാർഗെ പറഞ്ഞു. ഖാർഗെയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ വേണ്ട പരിചരണം നൽകുന്നുണ്ടെന്നും കോൺഗ്രസ് അറിയിച്ചു. ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ചായിരിക്കും മറ്റു പരിപാടികളിൽ പങ്കെടുക്കുന്നത്. ഖാർഗെയുടെ മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ പിന്നീട് ഖാർഗെയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സമൂഹ മാദ്ധ്യമത്തിലൂടെ അറിയിച്ചു. മെഡിക്കൽ സംഘം അദ്ദേഹത്തെ പരിശോധിച്ചു. ബി.പി കുറഞ്ഞതാണ്. എല്ലാവരുടെയും സ്നേഹത്തിന് നന്ദി. ജനങ്ങളുടെ സ്നേഹം അദ്ദേഹത്തെ ശക്തനായി നിലനിറുത്തുന്നു- പ്രിയങ്ക് കുറിച്ചു. ജമ്മു കാശ്മീരിൽ ചൊവ്വാഴ്‌ചയാണ് മൂന്നാം ഘട്ട തിരഞ്ഞെടുപ്പ്. ആദ്യഘട്ടം കഴിഞ്ഞ 18നും രണ്ടാം ഘട്ടം 25നും നടന്നു.