graph

സ്വർണ വായ്പകൾ 10 ലക്ഷം കോടി രൂപ കവിഞ്ഞു

കൊച്ചി: റെക്കാഡുകൾ പുതുക്കി വില കുതിക്കുന്നതിനിടെ രാജ്യത്തെ സ്വർണ പണയ വിപണി മികച്ച മുന്നേറ്റം നടത്തുന്നു. വാണിജ്യ ബാങ്കുകൾക്കൊപ്പം ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും സ്വർണ വായ്പ ബിസിനസ് നേടാൻ പുതിയ തന്തരങ്ങളുമായി വിപണിയിൽ സജീവമായി. നടപ്പു സാമ്പത്തിക വർഷം ബാങ്കുകളുടെയും ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും മൊത്തം സ്വർണ വായ്പകൾ പത്ത് ലക്ഷം കോടി രൂപ കവിയുമെന്ന് പ്രമുഖ സാമ്പത്തിക ഗവേഷണ ഏജൻസിയായ ഐ.സി.ആർ.എയുടെ റിപ്പോർട്ടിൽ പറയുന്നു. 2027ൽ മൊത്തം സ്വർണ വായ്പ പതിനഞ്ച് ലക്ഷം കോടി രൂപ കവിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈടില്ലാത്ത വായ്പകൾക്ക് റിസർവ് ബാങ്ക് കടുത്ത നിയന്ത്രണങ്ങൾ ‌ഏർപ്പെടുത്തിയതോടെയാണ് പുതുതലമുറ സ്വകാര്യ ബാങ്കുകൾ ഉൾപ്പെടെ സ്വർണ പണയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിവേഗം വായ്പ നടപടികൾ പൂർത്തിയാക്കി മികച്ച വരുമാനം നേടാനാകുന്നതും ഈ രംഗത്ത് ബാങ്കുകളുടെ താത്പര്യം വർദ്ധിപ്പിക്കുന്നു. ഒരു വർഷത്തിനിടെ സ്വർണ വിലയിൽ 25 ശതമാനത്തിനടുത്ത് വർദ്ധനയാണുണ്ടായത്. ഇതോടെ സ്വർണ പണയ വായ്പയിലൂടെ 20 ശതമാനം തുക അധികമായി ലഭിക്കുന്നതിനാൽ ഉപഭോക്താക്കളും വലിയ ആവേശമാണ് പ്രകടിപ്പിക്കുന്നത്.

പൊതുമേഖല ബാങ്കുകൾക്ക് മേധാവിത്തം

സ്വർണ പണയ വിപണിയിൽ നാല് വർഷമായി പൊതുമേഖല ബാങ്കുകൾ വിപണി വിഹിതം തുടർച്ചയായി മെച്ചപ്പെടുത്തുകയാണ്. 2020 മുതൽ പൊതുമേഖല ബാങ്കുകൾ സ്വർണ വായ്പാ വിതരണത്തിൽ പ്രതിവർഷം 34 ശതമാനം വളർച്ച നേടുന്നു. ഇതോടെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ വിപണി വിഹിതം കുറഞ്ഞു. കഴിഞ്ഞ മാർച്ചിൽ സ്വർണ പണയ വിപണിയിൽ പൊതുമേഖല ബാങ്കുകളുടെ വിഹിതം 63 ശതമാനമായി ഉയർന്നു. സ്വർണം ഈടായി സ്വീകരിച്ച് കാർഷിക വായ്പകൾ സബ്സിഡിയോടെ വിതരണം ചെയ്യുന്നതാണ് ബാങ്കുകളുടെ വിഹിതം കൂടാൻ ഇടയാക്കിയത്.

സ്വർണ വിലയിലെ കയറ്റം

വർഷം പവൻ വില(രൂപയിൽ)

1925 മാർച്ച് 13.75

1950 മാർച്ച് 72.75

1970 മാർച്ച് 396

1980 മാർച്ച് 975

1990 മാർച്ച് 2,493

1995 മാർച്ച് 3,432

2000 മാർച്ച് 3,212

2005 മാർച്ച് 4,550

2010 മാർച്ച് 12,280

2014 മാർച്ച് 21,480

2017 മാർച്ച് 21,800

2020 മാർച്ച് 32,000

2021 മാർച്ച് 32,880

2022 മാർച്ച് 38,120

2023 മാർച്ച് 44,000

2024 മാർച്ച് 50,200

2024 സെപ്തംബർ 27 56,800