
കുഞ്ചാക്കോ ബോബന്റെയും ഫഹദ് ഫാസിലിന്റെയും ഇടിവെട്ട് ചിത്രങ്ങൾ ഒക്ടോബർ മാസത്തെ സമ്പന്നമാക്കാൻ എത്തുന്നു. സംവിധായകൻ ഫാസിലിന്റെ കണ്ടെത്തലാണ് രണ്ടുപേരും .കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ബോഗയ്ൻ വില്ല ഒക്ടോബർ 17ന് റിലീസ് ചെയ്യും.
കുഞ്ചാക്കോ ബോബനും ഫഹദും ടേക്ക് ഒഫ് എന്ന ചിത്രത്തിൽ ഒരുമിച്ചിട്ടുണ്ട്. എന്നാൽ അമൽ നീരദിന്റെ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ആദ്യമായാണ്. അമൽ നീരദ് സംവിധാനം ചെയ്ത വരത്തൻ, ഇയോബിന്റെ പുസ്തകം എന്നീ ചിത്രങ്ങളിൽ ഫഹദ് അഭിനയിച്ചിട്ടുണ്ട്. അമൽ നീരദിന്റെ ഭാര്യയും അഭിനേത്രിയുമായ ജ്യോതിർമയി ഇടവേളക്കുശേഷം മടങ്ങി എത്തുന്ന ചിത്രം കൂടിയാണ് ബോഗയ്ൻവില്ല. ആവേശം എന്ന ബ്ലോക്ക് ബസ്റ്ററിനുശേഷം എത്തുന്ന ഫഹദ് ഫാസിൽ സിനിമ എന്ന പ്രത്യേകതയുമുണ്ട് ബോഗയ്ൻ വില്ലക്ക് . വേറിട്ട ലുക്കിലാണ് കഥാപാത്രങ്ങൾ എത്തുന്നത്, ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ മുതൽ ഉദ്വേഗം ജനിപ്പിച്ചിരുന്നു. തികഞ്ഞ സ്റ്റൈലിഷ് ആക്ഷൻ ചിത്രമെന്നാണ് സൂചന. അമൽ നീരദ് പ്രൊഡക്ഷൻസിന്റെയും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് നിർമ്മാണം. ക്രൈം ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേർന്നാണ് അമൽ നീരദ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
രജനികാന്തിനൊപ്പം ഫഹദ് ഫാസിൽ ആദ്യമായി അഭിനയിക്കുന്ന വേട്ടൈയ്യൻ ഒക്ടോബർ 10 ന് റിലീസ് ചെയ്യും. വിക്രം, മാമന്നൻ എന്നീ തമിഴ് ചിത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പ്രകടനത്തിനുശേഷം ഫഹദ് അഭിനയിക്കുന്ന തമിഴ് സിനിമ എന്ന പ്രത്യേകതയുണ്ട് വേട്ടൈയ്യന്. പാട്രിക് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ എന്നിവരുടെ സാന്നിദ്ധ്യവുമുണ്ട്. ഇവരോടൊപ്പം ഫഹദ് സ്ക്രീനിൽ എത്തുന്നതും ആദ്യം.