
എൽ സദർ: തുടർച്ചയായ ഏഴ് ജയങ്ങൾക്ക് ശേഷം ലാലിഗയിൽ സീസണിലെ ആദ്യ തോൽവി വഴങ്ങി ബാഴ്‌സലോണ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒസാസുന സ്വന്തം തട്ടകത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ബാഴ്‌സലോണയെ കീഴടക്കി. ആന്റെ ബുഡിമിർ പെനാൽറ്റിയിൽ നിന്നുൾപ്പെടെ ഇരട്ടഗോളുമായി തിളങ്ങിയ മത്സരത്തിൽ ബ്രയാൻ സരഗോസയും ആബേൽ ബ്രെറ്റോൺസും ഒസാസുനയ്ക്കായി ഓരോ തവണ സ്കോർ ചെയ്തു. പൈ വിക്‌ടറും ലമീനെ യമാലുമാണ് ബാഴ്സയുടെ സ്കോറർമാർ. പാസിംഗിലും പൊസഷനിലും ബാഴ്‌സയ്ക്ക് വലിയ ആധിപത്യമുണ്ടായിരുന്നെങ്കിലും സ്വന്തം മൈതാനത്ത് കിട്ടിയ അവസരങ്ങൾ ഗോളാക്കി ഒസാസുന കളിപിടിക്കുകയായിരുന്നു. തോറ്റെങ്കിലും 8 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുള്ള ബാഴ്‌സലോണ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 14 പോയിന്റുളള ഒസാസുന ആറാമതാണ്.