
കാൺപൂർ: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തെ കളിയും ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചു. മഴപെയ്തില്ലെങ്കിലും ഗ്രൗണ്ടിലെ ഈർപ്പം പൂർണമയും മാറ്റാനാകാതെ വന്നതാണ് ഇന്നലത്തെ മത്സരം ഉപേക്ഷിക്കാൻ കാരണം. മൂടിക്കെട്ടിയ അന്തരീക്ഷവുംതിരിച്ചടിയായി. രണ്ടാം ദിനവും കളി നടന്നിരുന്നില്ല. ശനിയാഴ്ച രാത്രി പെയ്‌ത ശക്തമായ മഴയാണ് ഇന്നലെ മത്സരം നടക്കാതിരിക്കാൻ പ്രധാന കാരണമായത്. ഇന്നലെ രാവിലെയോടെ മഴ ശമിച്ചെങ്കിലും ഔട്ട്ഫീൽഡിൽ വെള്ളം കെട്ടിനിൽക്കുകയായിരുന്നു. രാവിലെ അമ്പയർമാർ നടത്തിയ പരിശോധനയിൽ ഔട്ട്ഫീൽഡിൽ പ്രധാനമായും മിഡ് ഓഫ്,മിഡ് ഓൺ, റണ്ണപ്പ് ഏരിയ, മീഡിയ ബോക്സ് എൻഡ് എന്നിവിടങ്ങളിൽ വെള്ളംകെട്ടി നിൽക്കുന്നതായി കണ്ടെത്തി. ഉച്ചയ്ക്ക് പിന്നീട് നടത്തിയ പരിശോധനയിലും നനവ് നിലനിൽക്കുന്നതായി കണ്ടെത്തിയതോടെ ഇന്നലത്തെ മത്സരം ഉപേക്ഷിക്കാൻ അമ്പയർമാർ തീരുമാനിക്കുകയായിരുന്നു. സൂര്യപ്രകാശം ഇല്ലാതിരുന്നതും മൂടിക്കെട്ടിയ അന്തരീക്ഷവും ഈർപ്പം നിലനിൽക്കാൻ കാരണമായി. അവധി ദിനമായതിനാൽ മത്സരം കാണാൻ നിരവധിപ്പേർ എത്തിയിരുന്നു.
രണ്ടാം ദിനത്തിലെ കളിയും മഴമൂലം പന്തുപോലും എറിയാതെ ഉപേക്ഷിച്ചു.
ഗ്രീൻ പാർക്ക് സ്റ്റേഡിയം വേദിയാകുന്ന രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം മഴയും വെളിച്ചക്കുറവും മൂലം 35 ഓവറേ മത്സരം നടന്നുള്ളൂ. ടോസ നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നിലവിൽ 3 വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്തിട്ടുണ്ട്.
ആദ്യമത്സരത്തിൽ 280 റൺസിന്റെ വിജയം നേടിയ ഇന്ത്യ രണ്ട് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്.