
മലപ്പുറം: താൻ ഒന്ന് ഫോൺ ചെയ്താൽ നിലമ്പൂരിലെ എൽ.ഡി.എഫ് പഞ്ചായത്തുകളിലെ ഭരണം താഴെ വീഴുമെന്ന് പി.വി.അൻവർ എം.എൽ.എ. അതിന് സമയമായിട്ടില്ല. എവിടെ വരെ പോകുമെന്ന് അറിയണം. കൂടുതൽ പൊതുയോഗങ്ങളുമായി മുന്നോട്ട് പോകും. താൻ വിളിച്ചാൽ ആയിരക്കണക്കിന് സഖാക്കൾ വരും. എന്നാൽ അങ്ങനെ വിളിക്കാൻ സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു..
ഇനി നടത്തുന്ന എല്ലാ പൊതുയോഗത്തിലും 50 കസേരകൾ വീതം ഇടും. കൂടുതൽ പൊതുയോഗങ്ങൾ നടത്തും. നാളെ കോഴിക്കോട് മുതലക്കുളത്ത് യോഗം നടത്തും. സെക്രട്ടേറിയറ്റിന് മുന്നിൽ യോഗം നടത്തുമോയെന്ന് ഇപ്പോൾ പറയാനാകില്ല. താൻ സി.പി.എമ്മിനെ വെല്ലുവിളിച്ചിട്ടില്ല. സർക്കാരിലും ഭരണതലത്തിലുമുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്.
അലനല്ലൂരിലെ യോഗത്തിനിടെ സംഘർഷമുണ്ടായത് തെറ്റിദ്ധാരണ മൂലമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരല്ല പ്രശ്നമുണ്ടാക്കിയത്. അവരുടെ ഭാഗത്ത് നിന്ന് മോശമായ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. താൻ വണ്ടിയിൽ കയറാൻ നേരത്ത് ഫോട്ടോ എടുക്കാനും കൈ തരാനും ആളുകൾ സമീപിച്ചപ്പോൾ തനിക്കെതിരെ വരികയാണെന്ന് അവിടെയുള്ളവർ തെറ്റിദ്ധരിച്ചു.. താൻ ആരുടെയും ഫോൺ ചോർത്തിയിട്ടില്ല. തനിക്ക് വന്ന ഫോൺ കോൾ റെക്കോഡ് ചെയ്യുക മാത്രമാണ് ചെയ്തത്. ഇതിനായി മറ്റൊരു ഉപകരണവും ഉപയോഗിച്ചിട്ടില്ല. തനിക്കെതിരെ ഇനിയും കേസുകൾ വരും. അതിന് കാത്തിരിക്കുകയാണ്. അറസ്റ്റ് ചെയ്യപ്പെടാനും സാദ്ധ്യതയുണ്ട്. കോടതിയിലാണ് തന്റെ വിശ്വാസമെന്നും. . അൻവർ പറഞ്ഞു.