
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ 11,200 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് മോദി പങ്കെടുത്തത്. സംസ്ഥാനത്ത് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഇരട്ട എൻജിൻ സർക്കാർ അടിസ്ഥാന സൗകര്യ വികസനത്തിലും കണക്ടിവിറ്റിയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് മോദി പറഞ്ഞു. 2008ലാണ് പൂനെ മെട്രോയുടെ ആശയം വന്നത്, 2016ൽ ഞങ്ങളുടെ സർക്കാരാണ് അതിനായി പ്രവർത്തിച്ചത്. പൂനെ നഗരം വികസിക്കുകയാണ്. ജനസംഖ്യയും വർദ്ധിക്കുന്നു. അതിനാൽ, മെട്രോ നഗരങ്ങളിൽ ജീവിക്കാൻ അടിസ്ഥാന സൗകര്യമൊരുക്കേണ്ടത് സർക്കാരിന്റെ കടമയാണ്. വിവിധ പദ്ധതികളിലൂടെ ജന ജീവിതം എളുപ്പമാകുമെന്നും പൂനെ നഗരത്തിൽ ജീവിത സൗകര്യങ്ങൾ വർദ്ധിപ്പിക്കുക എന്ന സ്വപ്നത്തിലേക്ക് അതിവേഗം നീങ്ങുകയാണെന്നും മോദി പറഞ്ഞു. രാജ്യത്തെ ആധുനികവത്കരിക്കണം, പക്ഷേ അത് നമ്മുടെ മൂല്യങ്ങളെ അടിസ്ഥാനമാക്കിയാവണം. മഹത് വ്യക്തികളാൽ പ്രചോദനം നിറഞ്ഞ ഈ ഭൂമി വികസനത്തിന്റെ പുതിയ അദ്ധ്യായത്തിന് സാക്ഷ്യം വഹിക്കുന്നു. വിമാനത്താവളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം യാത്രക്കാർക്കായി പുതിയ സർവീസുകളും സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ബിസിനസ്സുകൾ, വ്യവസായങ്ങൾ, ടൂറിസം എന്നിവ വികസിക്കും. പൂനെയുടെ ഗതാഗത സംവിധാനം ആധുനികവത്കരിക്കും. ഈ സർക്കാർ വികസനം നടപ്പാക്കും. പൂനെ മെട്രോയെ കുറിച്ചുള്ള ചർച്ചകൾ 2008ൽ തുടങ്ങിയതാണ്. എന്നാൽ 2016ലാണ് നടപ്പിലാക്കിയത്. . 8,000 ഏക്കറിൽ ബിഡ്കിൻ വ്യാവസായിക മേഖല വികസിപ്പിക്കുന്നതോടെ ആയിരക്കണക്കിന് കോടിയുടെ നിക്ഷേപം ഒഴുകും. ഇത് ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും,നിക്ഷേപത്തിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന മന്ത്രം യുവാക്കളുടെ ശക്തിയായി മാറുകയാണ്.
സാമൂഹിക പരിവർത്തനത്തിൽ സ്ത്രീകളുടെ പങ്ക് പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് തുടക്കമിട്ട സാവിത്രിഭായ് ഫൂലെയുടെ ശ്രമങ്ങൾ അനുസ്മരിച്ചു. നൈപുണ്യ വികസന കേന്ദ്രം, ലൈബ്രറി, മറ്റ് അവശ്യ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന സാവിത്രിഭായ് ഫൂലെ സ്മാരകത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. ഈ സ്മാരകം സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിന്റെ ശാശ്വതമായ ശ്രദ്ധാഞ്ജലിയായി വർത്തിക്കുമെന്നും ഭാവി തലമുറകൾക്ക് പ്രചോദനമാകുമെന്നും മോദി പറഞ്ഞു.
പൂനെ മെട്രോ ജില്ലാ കോടതി മുതൽ സ്വർഗേറ്റ് വരെയുള്ള ഭാഗത്തിന്റെ ഉദ്ഘാടനം - 1,810 കോടി ചെലവ്
സ്വർഗേറ്റ് മുതൽ കട്രാജ് ലൈനിനുള്ള തറക്കല്ലിട്ടു - 2955 കോടി ചെലവ്
ബിഡ്കിൻ ഇൻഡസ്ട്രിയൽ ഏരിയ സമർപ്പിച്ചു
സാവിത്രിഭായ് ഫൂലെയുടെ പേരിലുള്ള ആദ്യ ഗേൾസ് സ്കൂളിന് തറക്കല്ലിട്ടു.
സ്മാരകത്തിന്റെ ഭാഗമായി ലൈബ്രറി, സാംസ്കാരിക നൈപുണ്യ കേന്ദ്രവും വികസിപ്പിക്കും
സോലാപൂരിലേക്ക് നേരിട്ട് കണക്ടിവിറ്റി ലഭ്യമാക്കുന്ന വിമാനത്താവള നവീകരണം
ഛത്രപതി സംഭാജിനഗറിൽ നിന്ന് 20 കിലോമീറ്റർ തെക്കായി ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടിക്ക് കീഴിൽ 7,855 ഏക്കർ വ്യാപിച്ചുകിടക്കുന്ന ബിഡ്കിൻ ഇൻഡസ്ട്രിയൽ ഏരിയ