പാവറട്ടി: ഭർതൃവീട്ടിലെ മർദ്ദനത്തിനെതിരെ നൽകിയ പരാതിയിൽ യുവതിയെ ഭർതൃവീട്ടിൽ നിന്നും പുറത്താക്കരുതെന്നും ഭർതൃവീട്ടുകാരുടെ സ്വത്തുക്കൾ കൈമാറ്റം ചെയ്യരുതെന്നും ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് വി. ശാരിക സത്യൻ ഉത്തരവിട്ടു. ചാവക്കാട് പോക്കാക്കില്ലത്ത് വീട്ടിൽ ഷഹന ഗാർഹിക പീഡനനിയമ പ്രകാരം ഭർത്താവായ ചാഴൂർ കുളങ്ങര വീട്ടിൽ ഷിജാദ്, മാതാപിതാകളായ അബ്ദുൽ കാദർ, ഷാജിത, സഹോദരൻ ബാദുഷ എന്നിവർക്കെതിരെ കൊടുത്ത ഗാർഹിക പീഡന നിയമപ്രകാരമുള്ള ഹർജിയിലാണ് ഉത്തരവ്. ഭർത്താവ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നും ഹർജിക്കാരി പറയുന്നു. ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും പട്ടികജാതിയിൽപ്പെട്ട ഹർജിക്കാരിയുടെ പിതാവിനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചതായും ആരോപിച്ചു. ഭർതൃസഹോദരൻ പണയം വച്ച യുവതിയുടെ സ്വർണാഭരണങ്ങൾ ഭർതൃവീട്ടുകാർക്ക് തിരിച്ചു നൽകുകയോ ലേലത്തിനു വയ്ക്കുകയോ ചെയ്യരുതെന്ന് പണയം എടുത്ത സ്വകാര്യ സ്ഥാപനത്തിനോട് കോടതി ഉത്തരവിട്ടു. അഡ്വ. സുജിത് അയിനിപ്പുള്ളി ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സ്വകാര്യ അന്യായം ഫയലാക്കിയതിനെ തുടർന്ന് കോടതി നടപടികളെടുക്കുകയായിരുന്നു.