പറവൂർ: ചെറായി പള്ളിപ്പുറം പാണ്ടിപ്പിള്ളിൽ വീട്ടിൽ അംബ്രോസി (52)നെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായ പള്ളിപ്പുറം പഴമ്പിള്ളി വീട്ടിൽ ജീവൻ (26), തേവാലിൽ അനീഷ് (34), കാഞ്ഞിരത്തിങ്കൽ വീട്ടിൽ സിജോഷ് (28), പുത്തൻപാടത്ത് വീട്ടിൽ ജോയൽ (27) എന്നിവരെ പന്ത്രണ്ടര വർഷം കഠിനതടവിന് പറവൂർ പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ചു. ഓരോരുത്തരും16,000 രൂപ വീതം പിഴയൊടുക്കണം.
2016 സെപ്തംബർ നാലിന് രാത്രി എട്ടിനാണ് സംഭവം. അംബ്രോസിന്റെ മകന്റെ സുഹൃത്തുക്കളാണ് പ്രതികൾ. മകനോട് ഇവരുമായി കൂട്ടുകൂടരുതെന്ന് പറഞ്ഞതിലുള്ള വിരോധം മൂലം സംഘം ചേർന്നെത്തിയ പ്രതികൾ ഇരുമ്പുപൈപ്പുകൊണ്ട് അംബ്രോസിന്റെ തലയ്‌ക്കടിക്കുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തു. അക്രമണം തടയാൻ ശ്രമിച്ചവരെയും പ്രതികൾ മർദ്ദിച്ചു. മുനമ്പം എസ്.ഐ ജി. അരുൺ ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക്ക് പ്രൊസിക്യൂട്ടർ അഡ്വ. ദീപ മനോജ് ഹാജരായി.