d

മുംബയ്: ഐ.പി.എൽ മെഗാ ലേലത്തിന് മുൻപ് ടീമുകൾക്ക് ആറ് താരങ്ങളെ നിലനിറുത്താമെന്ന് തീരുമാനമായി. ഐ.പി.എൽ ഗവേണിംഗ് കൗൺസിലിലാണ് ഇതു സംബന്ധിച്ചുള്ള തീരുമാനമുണ്ടായത്. ഇതിന് ബി.സി.സി.ഐ അനുമതിയും കിട്ടി. താരങ്ങളെ നിലനിറുത്തുകയോ ആർ.ടി.എം (റൈറ്റ് ടു മാച്ച്)​ കാർഡ് ഉപയോഗിച്ച് സ്വന്തമാക്കുകയോ ചെയ്യാം. കരാറായ ശേഷം മതിയായ കാരണങ്ങളില്ലാതെ കളിക്കാൻ വരാതിരിക്കുന്ന താരങ്ങളെ വിലക്കുമെന്ന ശ്രദ്ധേയ നിയമവും നിലവിൽ വന്നു.

പ്രധാന കാര്യങ്ങൾ ഇവ

ഡെഡ്‌ലൈൻ ഒക്ടോബ‌ർ 31

ആറ് താരങ്ങളെ നിലനിറുത്താമെന്നാണ് പുതിയ നിയമം. താരങ്ങളെ നിലനിർത്തുകയോ, അല്ലെങ്കിൽ ആർ.ടി.എം (റൈറ്റ് ടു മാച്ച്) ഉപയോഗിക്കുകയോ ആവാം. പരമാവധി 5 അന്താരാഷ്ട്ര താരങ്ങളേയും 2 അൺക്യാപ്‌ഡ് താരങ്ങളേയും ഉൾപ്പെടുത്താം. നിലനിറുത്തുന്ന താരങ്ങളുടെ ലിസ്റ്റ് ഒക്ടോ‌ബർ 31ന് വൈകിട്ട് 5ന് മുമ്പ് ഐ.പി.എൽ അധികൃതർക്ക് കൈമാറണം.

കഴിഞ്ഞ മെഗാ ലേലത്തിന് മുൻപ് നാല് താരങ്ങളെയായിരുന്നു ടീമുകൾക്ക് നിലനിറുത്താമായിരുന്നത്.

120 കോടി ചെലവാക്കാം

മെഗാ ലേലത്തിൽ ഒരുടീമിന് ചിലവഴിക്കാവുന്ന തുക നൂറിൽ നിന്ന് 120 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. നിലനിറുത്തുന്ന ആദ്യ മൂന്ന് താരങ്ങളുടെ വില യഥാക്രമം 18 കോടി, 14 കോടി, 11 കോടി എന്നിങ്ങനെയാണ്. തുടർന്ന് നിലനിറുത്തുന്ന നാലും അഞ്ചും താരങ്ങൾക്ക് 18 കോടി, 14 കോടി എന്നിങ്ങനെ നൽകേണ്ടിവരും. ഈ സ്ഥാനത്ത് അൺക്യാപ്‌ഡ് സ്ഥാനങ്ങളെ നിലനിറുത്തിയാലും ഈ തുകയാകും.

ഒരു ടീം 5 താരങ്ങളെ നിലനിറുത്താൻ തീരുമാനിച്ചാൽ അവർക്ക് 75 കോടി രൂപ അതിന് മാത്രമാകും. തുടർന്ന് ലേലത്തിൽ പങ്കെടുക്കുമ്പോൾ 45 കോടി രൂപയേ കാണൂ. ആറാമതൊരു അൺക്യാപ്‌ഡ് പ്ലെയറിനെ നിലനിറുത്താൻ 4 കോടിരൂപയാണ് നൽകേണ്ടത്.

കരാറായാൽ കളിക്കണം

കരാറിലേർപ്പെട്ടിട്ട് മതിയായ കാരണങ്ങളില്ലാതെ കളിക്കാൻ വരാത്ത താരങ്ങളെ 2 ഐ.പി.എൽ സീസണിലിൽ നിന്നോ 2 ലേലത്തിലോ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കും. ലേലത്തിൽ കുറഞ്ഞ തുക ലഭിച്ചാൽ കളിക്കാൻ വരാതിരിക്കുന്ന വിദേശ താരങ്ങളെ ലക്ഷ്യം വച്ചാണ് ഈ നിയമം. അതുപോലെ മെഗാലേലത്തിൽ ലഭിച്ചതിനെക്കാൾ വലിയ തുക മിനി ലേലത്തിൽ ഇനി ലഭിക്കില്ല. മെഗാലേലത്തിൽ ലഭിച്ച ഏറ്റവും ഉയർന്ന തുകയോ, ഒരു താരത്തെ നിലനിറുത്താൻ ചെലവഴിച്ച തുകയോ ഏതാണ് കൂടുതൽ അതായിരിക്കും മിനിലേലത്തിൽ ഒരു താരത്തിന് കിട്ടുന്ന ഉയർന്ന വില. അതിൽ കൂടുതൽ ഫ്രൈഞ്ചൈസികൾ വിളിച്ചാലും ആ തുക ബി.സി.സി.ഐയ്ക്കായിരിക്കും. മിനിലേലത്തിലൂടെയാണ് ഓസീസ് താരം മിച്ചൽ സ്റ്റാർക്കിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 24.75കോടിയ്ക്ക് സ്വന്തമാക്കിയത്.

ഇംപാക്‌ട് പ്ലെയർ

ഇംപാക്‌ട് പ്ലെയർ സംവിധാനം 2027 വരെ തുടരാൻ തീരുമാനമായിട്ടുണ്ട്.