
ടെൽ അവീവ്: ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ളയെക്കുറിച്ചുള്ള കൃത്യമായ വിവരം ഇസ്രയേലിന് നൽകിയത് ഇറാൻ പൗരനായ ചാരൻ. ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ് നസ്രള്ളയുടെ ലെക്കേഷൻ, സമയം തുടങ്ങിയ വിവരങ്ങൾ ഇയാൾ ഇസ്രയേലിന് നൽകിയെന്ന് ഫ്രഞ്ച് മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
ഇറാൻ റെവലൂഷനറി ഗാർഡ് ജനറൽ അബ്ബാസ് നിൽഫോറൂഷാനൊപ്പം നസ്രള്ള കാറിൽ ഭൂഗർഭ ബങ്കറിലേക്ക് എത്തിയത് ചാരൻ ഇസ്രയേലിനെ അറിയിച്ചു. ഹമാസ് മുൻ മേധാവി ഇസ്‌മയിൽ ഹനിയേയെ ടെഹ്‌റാനിൽ വച്ച് വധിക്കാനും ഇസ്രയേലിന് ഇറാൻ ചാരന്മാരുടെ സഹായം ലഭിച്ചത്രെ.
അതേസമയം, നസ്രള്ളയുടെ മൃതദേഹം ഇന്നലെ കണ്ടെത്തി. മൃതശരീരത്തിൽ കാര്യമായ മുറിവുകളില്ല. സ്ഫോടനത്തിന്റെ ആഘാതത്തിലേറ്റ ഗുരുതരമായ ക്ഷതങ്ങൾ മരണ കാരണമായെന്നാണ് സൂചന. നസ്രള്ളയുടെ സംസ്കാരം എന്നാണെന്ന് വ്യക്തമല്ല.
20 ഹിസ്ബുള്ള നേതാക്കളും കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ അറിയിച്ചു. ഹമാസ് തലവൻ യഹ്യാ സിൻവാറും ഇറാനും ടാർജറ്റിലുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ബെയ്റൂട്ടിൽ ഇന്നലെയും വ്യോമാക്രമണം തുടർന്നു.
നെതന്യാഹുവിന്റെ ട്രിക്ക്
നസ്രള്ളയെ വധിച്ച 'ഓപ്പറേഷൻ ന്യൂ ഓർഡർ" ഇസ്രയേൽ മാസങ്ങൾക്ക് മുമ്പേ തയ്യാറാക്കി. വധത്തിന് 11 ദിവസം മുമ്പ് ഓപ്പറേഷൻ തുടങ്ങി. യു.എൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ വ്യാഴാഴ്ച ന്യൂയോർക്കിലേക്ക് പോകും മുമ്പേ നെതന്യാഹു ഓപ്പറേഷന് പച്ചക്കൊടി നൽകി. നെതന്യാഹു വിദേശത്തായതിനാൽ ഇസ്രയേൽ ഇത്തരമൊരു സാഹസത്തിന് തയ്യാറാകുമെന്ന് ഹിസ്ബുള്ള കരുതിയില്ല.
വെള്ളിയാഴ്ച ഉച്ചയ്ക്ക് യു.എന്നിൽ നെതന്യാഹുവിന്റെ പ്രസംഗം
ടെൽ അവീവിലുള്ള പ്രതിരോധ മന്ത്രി യോവ് ഗാലന്റിന് ന്യൂയോർക്കിൽ നിന്ന് നെതന്യാഹുവിന്റെ കാൾ. ദൗത്യം തുടങ്ങാൻ നിർദ്ദേശം
ഹാറ്റ്സെറിം എയർബേസിൽ നിന്ന് എഫ്-15ഐ വിമാനങ്ങളിൽ സൈന്യത്തിന്റെ സ്‌ക്വാഡ്രൺ 69 (ദ ഹാമേഴ്സ്) ലെബനനിലേക്ക്
വൈകിട്ട് 5ന് ശേഷം ബെയ്റൂട്ടിൽ ബോംബാക്രമണം
നസ്രള്ളയുടെ ബങ്കർ ഉപരിതലത്തിൽ നിന്ന് 60 അടി താഴെ
80 ടൺ ബോംബുകളാൽ ബങ്കർ തരിപ്പണം
ആ യോഗം
ഒക്ടോബർ 7 മോഡൽ ആക്രമണം (കഴിഞ്ഞ വർഷം ഹമാസ് ഇസ്രയേലിൽ നടത്തിയത്) ആസൂത്രണം ചെയ്യാനാണ് ഹിസ്ബുള്ള നേതാക്കൾ ബെയ്റൂട്ടിലെ ബങ്കറിൽ എത്തിയത്.
നയീം കാസിമിന് താത്കാലിക ചുമതല
നയീം കാസിം (71) ഹിസ്ബുള്ളയുടെ ഇടക്കാല മേധാവിയായി ചുമതലയേറ്റു. 1991 മുതൽ ഡെപ്യൂട്ടി സെക്രട്ടറി ജനറലായിരുന്നു. നസ്രള്ളയുടെയും ഉന്നതരുടെയും വധം ഹിസ്ബുള്ളയെ അനാഥമാക്കിയതിനാൽ അടുത്ത തലവൻ ആരെന്നതിൽ തീരുമാനമായില്ല. നസ്രള്ളയുടെ ബന്ധുവും ഹിസ്ബുള്ളയുടെ എക്സിക്യൂട്ടിവ് കൗൺസിൽ തലവനുമായ ഹാഷിം സഫീദിൻ പുതിയ മേധാവിയായേക്കും. എന്നാൽ ഇയാൾ ജീവനോടെയുണ്ടോ എന്ന് വ്യക്തമല്ല. നയീം കാസിം തുടർന്നേക്കുമെന്നും സൂചനയുണ്ട്.
യെമനിൽ ഇസ്രയേൽ ആക്രമണം: 4 മരണം
സനാ: യെമനിൽ ഹൂതി വിമതർക്ക് നേരെ ഇസ്രയേൽ ആക്രമണം. ഹൊദൈദ തുഖമുഖത്തും റാസ് ഇസയിലെ ഹൂതികളുടെ ഊർജ്ജ കേന്ദ്രങ്ങൾക്കും നേരെ വ്യോമാക്രമണമുണ്ടായി. ഹൊദൈദയിൽ 4 പേർ കൊല്ലപ്പെട്ടു. 33 പേർക്ക് പരിക്കേറ്റു.
ഗാസ യുദ്ധം തുടങ്ങിയത് മുതൽ ഹൂതികൾ നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും ഇസ്രയേലിന് നേരെ വിക്ഷേപിച്ചിരുന്നു. പാലസ്തീനികൾക്ക് പിന്തുണയറിയിച്ച് ചെങ്കടലിലൂടെ പോകുന്ന കപ്പലുകളെയും ഇവർ ആക്രമിക്കുന്നുണ്ട്. ഇതുവരെ 41,600 ഓളം പാലസ്തീനികൾ ഗാസയിൽ കൊല്ലപ്പെട്ടു.
ഇതിനിടെ, ഇന്നലെ രാത്രി ലെബനനിലെ സിഡോണിന് സമീപം ഹിസ്ബുള്ള കേന്ദ്രങ്ങളിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ 24 പേരും കൊല്ലപ്പെട്ടു.