arr

അരൂർ: പൊലീസ് സ്റ്റേഷനിൽ നിന്ന് പുലർച്ചെ രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതിയെ മണിക്കൂറുകൾക്ക് ശേഷം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.

ലോക്കപ്പില്ലാത്ത അരൂർ പൊലീസ് സ്റ്റേഷനിൽ ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. അരൂർ കോട്ടപ്പുറം റോഡിൽ വാടക വീട്ടിൽ താമസിച്ച് കഞ്ചാവ് വില്പന നടത്തിയതിന് കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്ത മൂന്ന് ഒഡീഷ സ്വദേശികളിൽ ഒരാളായ സുദേഷ് ബൈലിയാർ സിംഗ് (22) ആണ് കസ്റ്റഡിയിരിക്കെ രക്ഷപ്പെട്ടത്. സ്റ്റേഷന്റെ ജനൽകമ്പിയിൽ കെട്ടിയിട്ടിരുന്ന ഇയാളെ മൂത്രം ഒഴിക്കണമെന്നാവശ്യപ്പെട്ടതിനെ തുടർന്ന് അഴിച്ചപ്പോൾ പുറത്തേക്ക് ഓടുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പിന്തുടർന്ന് മൽപ്പിടുത്തത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പൊലീസുകാരെ വെട്ടിച്ച് ഇയാൾ ഇരുട്ടിൽ മറഞ്ഞു.

തുടർന്ന് നടത്തിയ തിരച്ചിലിൽ രാവിലെ പതിനൊന്നരയോടെ അരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ കണ്ടെത്തി കീഴടക്കുകയായിരുന്നു. 3 വർഷമായി കേരളത്തിലുള്ള ഇയാൾ കഞ്ചാവ് വില്പനയടക്കം നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഭരൻ ബല്ലാർ സിംഗ് (40), ജിതേന്ദ്ര പ്രധാൻ (45) എന്നിവരെയാണ് ഇയാളോടൊപ്പം വെള്ളിയാഴ്ച പിടികൂടിയത്. 2 കിലോ കഞ്ചാവ് ഇവരിൽ നിന്ന്പിടിച്ചെടുത്തിരുന്നു. പഴക്കമേറിയ ചെറിയ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അരൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് മുമ്പും പ്രതി ചാടിപ്പോയിട്ടുണ്ട്.