pic

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭ (യു.എൻ) രക്ഷാസമിതിയിൽ ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം നൽകണമെന്ന് ആവർത്തിച്ച് റഷ്യ. ഇന്ത്യയെ കൂടാതെ ബ്രസീലിനും സ്ഥിരാംഗത്വം നൽകണമെന്ന് ന്യൂയോർക്കിൽ യു.എൻ ജനറൽ അസംബ്ലിയുടെ 79-ാം സെഷനെ അഭിസംബോധന ചെയ്യവെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റൊവ് പറഞ്ഞു. ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗെയും ഇന്ത്യയെ പിന്തുണച്ചു.

ഫ്രാൻസ്, ചൈന, റഷ്യ, യു.കെ, യു.എസ് എന്നീ രാജ്യങ്ങളാണ് 15 അംഗ രക്ഷാസമിതിയിൽ സ്ഥിരാംഗങ്ങൾ. ഇവർക്ക് പ്രത്യേക വീറ്റോ അധികാരമുണ്ട്. സമിതി വിപുലീകരിക്കണമെന്നും ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകണമെന്നും ചൈന ഒഴികെയുള്ള സ്ഥിരാംഗങ്ങൾ ആവശ്യപ്പെടുന്നു.