
കാഠ്മണ്ഡു: നേപ്പാളിൽ ശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 151 മരണം. 100ലേറെ പേർക്ക് പരിക്കേറ്റു. 56 പേരെ കാണാതായി. വ്യാഴാഴ്ച രാത്രി മുതലാണ് രാജ്യത്ത് മഴ ശക്തമായത്. കാഠ്മണ്ഡുവിന് ചുറ്റുമുള്ള താഴ്‌വര വെള്ളത്തിൽ മുങ്ങി. മഴയ്ക്ക് ഇന്നലെ താത്കാലിക ശമനമുണ്ടായെങ്കിലും നാളെയും തുടരുമെന്നാണ് പ്രവചനം. കാഠ്മണ്ഡുവിനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിൽ മണ്ണിടിച്ചിൽ മൂലം ഗതാഗതം തടസപ്പെട്ടു. വ്യോമഗതാഗതവും താറുമാറായി. 322 വീടുകളും 16 പാലങ്ങളും തകർന്നു. ബാഗ്‌മതി നദിയിലെ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നു.