
കൊച്ചി: ഉത്സവകാലത്തെ കച്ചവടം പൊലിപ്പിക്കാനായി പ്രമുഖ ആഡംബര കാർ നിർമ്മാണ കമ്പനികൾ വിപുലമായ ഇളവുകൾ പ്രഖ്യാപിക്കുന്നു. വാഹന വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തുകയിലെ ഇളവ് മുതൽ ബൈ ബാക്ക് ഉറപ്പുവരെ വാഗ്ദാനം ചെയ്താണ് കമ്പനികൾ ഉപഭോക്താക്കളെ ആർഷിക്കുന്നത്. സാമ്പത്തിക മേഖലയിലെ തളർച്ച മൂലം വിപണിയിൽ തളർച്ച ശക്തമായതോടെയാണ് വാഹന കമ്പനികൾ ആനുകൂല്യ പെരുമഴ നടത്തുന്നത്. നവരാത്രി, ദീപാവലി തുടങ്ങിയ ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള വില്പന മാമാങ്കം ഉത്തരേന്ത്യയിൽ ഒക്ടോബറിൽ ആരംഭിക്കുന്നതിനാലാണ് പുതിയ ഓഫറുകൾ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ ആഡംബര വാഹനങ്ങളൊഴികെയുള്ള കാറുകളുടെ വില്പനയിൽ വലിയ മാന്ദ്യമാണ് കമ്പനികൾ നേരിട്ടത്. എന്നാൽ ജൂലായ് മാസത്തിന് ശേഷം പ്രമുഖ കമ്പനികളുടെയെല്ലാം വില്പനയിൽ കനത്ത ഇടിവാണ് ദൃശ്യമാകുന്നതെന്ന് കമ്പനികൾ പറയുന്നു. നിർമ്മാണ കമ്പനികൾ വലിയ തോതിൽ വാഹനങ്ങൾ പുറത്തേക്ക് വിടുന്നുണ്ടെങ്കിലും വിതരണ സ്ഥാപനങ്ങളിൽ കെട്ടികിടക്കുന്ന സാഹചര്യമാണുള്ളത്.
മികച്ച ഓഫറുകളുമായി ഔഡി ഇന്ത്യ
ഉത്സവകാലത്തിൽ ഒരു ലക്ഷം വാഹനങ്ങളുടെ വില്പന നേടാൻ ലക്ഷ്യമിട്ട് സർവീസ് പ്ളാനുകളിലും ആക്സസറികളിലും വിപുലമായ ആനുകൂല്യങ്ങളാണ് പ്രമുഖ ആഡംബര കാർ കമ്പനിയായ ഔഡി ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനായി ജർമ്മൻ കമ്പനിയായ ഔഡി ഇന്ത്യ ആഘോഷത്തിന്റെ നൂറ് ദിവസങ്ങളെന്ന പേരിൽ പുതിയ കാമ്പയിൻ ആരംഭിച്ചു. ഇതാദ്യമായാണ് സർവീസ് പ്ളാനുകളിലും ആക്സസറീസിലും വാറണ്ടി കാലയളവിലും ഔഡി ഇളവുകൾ പ്രഖ്യാപിക്കുന്നത്. ഇതോടൊപ്പം എക്സ്ചേഞ്ചിന് ഇളവുകളും വായ്പാ സൗകര്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്.
ഔഡി പ്രധാന മോഡലുകൾ
എ4
ക്യു 5
ക്യു 8
ലഭ്യമാകുന്ന ആനുകൂല്യങ്ങൾ
സർവീസ് പ്ളാനുകളിൽ 20 ശതമാനം ഇളവ്
എക്സ്ടെൻഡ് വാറന്റിയിൽ 10 ശതമാനം കുറവ്
ഡ്രീംസ് ഡേ കാമ്പയിനുമായി മേഴ്സിഡസ് ബെൻസ്
ഉപഭോക്താക്കൾക്ക് മികച്ച ഇളവുകൾ ലഭ്യമാക്കി വില്പന വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഡ്രീംസ് ഡേ കാമ്പയിന് ആഡംബര കാർ നിർമ്മാതാക്കളായ മേഴ്സിഡസ് ബെൻസ് തുടക്കമിട്ടു. വാഹനം വാങ്ങുന്നതിന് എടുക്കുന്ന വായ്പകളുടെ പ്രതി മാസ തിരിച്ചടവ് തുകയിൽ കുറവ് വരുത്തുന്നതുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കും. ഇതോടൊപ്പം സൗജന്യ ഇൻഷ്വറൻസ്, പുനർവില്പനയിൽ മികച്ച മൂല്യം എന്നിവയും ഉറപ്പാക്കും.
ബി.എം.ഡബ്ള്യു ജോയ് ഡേയ്സ്
വിവിധ ധനകാര്യ ഇളവുകൾ നൽകുന്ന പാക്കേജുകളുമായി ബി.എം.ഡബ്ള്യു ജോയ് ഡേയ്സ് ഉത്സവകാല വില്പന ആഘോഷങ്ങൾക്ക് തുടക്കമായി. വിപണിയലേക്കാൾ നാല് ശതമാനം കുറഞ്ഞ പലിശ നിരക്കിൽ വാഹനം വാങ്ങുന്നതിന് വായ്പകൾ ലഭ്യമാക്കുന്ന മികച്ച പദ്ധതിയാണ് ബി.എം.ഡബ്ള്യു ജോയ് ഡേയ്സിന്റെ പ്രധാന പ്രത്യേകത. ഇതിലൂടെ വാഹനം വാങ്ങുന്നതിന് 7.75 ശതമാനം പലിശയിൽ വായ്പ ലഭ്യമാക്കും. 49,999 രൂപ മുതലാണ് ഇ.എം.ഐ ആരംഭിക്കുന്നത്.