lulu

അമരാവതി: ഒരു പദ്ധതിയുമായി ഇറങ്ങുമ്പോള്‍ അതിന്റെ എല്ലാവശങ്ങളും സാദ്ധ്യതകളും പഠിച്ചും പരിശോധിച്ചും മാത്രം മുന്നോട്ട് പോകുന്നതാണ് ലുലു ഗ്രൂപ്പിന്റെ ഈ കാലത്തിനുള്ളിലെ വിജയങ്ങള്‍ക്കെല്ലാം കാരണം. ആ പതിവ് പക്ഷേ ഒരു തെന്നിന്ത്യന്‍ സംസ്ഥാനത്ത് തെറ്റിയിരുന്നു. അതിന് കഴിയാതെ പോയത് ആന്ധ്രയിലായിരുന്നു. സംസ്ഥാന വിഭജനത്തിന് ശേഷം ആദ്യം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നായിഡു തുടങ്ങിവെച്ച പല പദ്ധതികളും 2019ല്‍ അധികാരത്തില്‍ വന്ന ജഗന്‍ മോഹന്‍ റെഡ്ഡി ഒഴിവാക്കിയിരുന്നു. അക്കൂട്ടത്തിലൊന്നായിരുന്നു യൂസഫലിയുടെ ലുലു മാള്‍.

വീണ്ടും മുഖ്യമന്ത്രിയായതിന് പിന്നാലെ ലുലു ഗ്രൂപ്പിന്റേത് ഉള്‍പ്പെടെ നടക്കാതെ പോയതും പാതി വഴിയില്‍ ഉപേക്ഷിച്ചതുമായ സ്വപ്‌ന പദ്ധതികളെ പൊടിതട്ടിയെടുക്കുകയാണ് ചന്ദ്രബാബു നായിഡു. സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരമായ വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പ് ആരംഭിക്കാനിരുന്ന വന്‍ നിക്ഷേപ പദ്ധതി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കാലത്ത് ഉപേക്ഷിച്ചിരുന്നു. ഈ പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇപ്പോഴിതാ യൂസഫലിയെ വിളിച്ചുവരുത്തി കൂടിക്കാഴ്ചയും നടത്തി.

ഇന്നലെ അമരാവതിയിലെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, എക്‌സിക്യുട്ടിവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി എന്നിവരുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് സംഘവുമായി ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തി.ലുലു ഗ്രൂപ്പ് അധികൃതരുമായുള്ള ചര്‍ച്ച ഏറെ സന്തോഷം പകരുന്നതായിരുന്നു എന്നും ആന്ധ്രാ സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും ലഭ്യമാക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. മടങ്ങിവരാനുള്ള ലുലുവിന്റെ തീരുമാനം ആന്ധ്രയ്ക്ക് ഊര്‍ജം പകരുന്നതാണെന്ന് ചന്ദ്രബാബു നായിഡു എക്‌സില്‍ വ്യക്തമാക്കി.

എം.എ. യൂസഫലിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. നായിഡുവുമായി 18 വര്‍ഷത്തെ സ്‌നേഹബന്ധമാണുള്ളതെന്നും അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം അഭിനന്ദനാര്‍ഹമാണെന്നും ആന്ധ്രയുടെ ഉന്നമനത്തിന് അത് മുതല്‍ക്കൂട്ടാകുമെന്നും എം.എ. യൂസഫലി പറഞ്ഞു. 2014 മുതല്‍ 2019 വരെ നായിഡു മുഖ്യമന്ത്രിയായിരുന്ന കാലത്താണ് വിശാഖപട്ടണത്ത് 2,200 കോടി രൂപയുടെ പദ്ധതികള്‍ക്ക് പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് തയാറെടുത്തത്.

രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്റര്‍, ഷോപ്പിംഗ് മാള്‍, പഞ്ചനക്ഷത്ര ഹോട്ടല്‍ എന്നിവയായിരുന്നു പദ്ധതിയില്‍. ഇതിനായി വിശാഖപട്ടണത്തെ ശ്രദ്ധേയമായ ആര്‍കെ ബീച്ചിന് സമീപം 14 ഏക്കറോളം ഭൂമിയും അനുവദിക്കാന്‍ ടിഡിപി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, 2019ല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ജഗന്‍, ഭൂമി സര്‍ക്കാരിലേക്ക് തിരിച്ചുപിടിച്ചു. ഇതോടെ ആന്ധ്രയിലെ നിക്ഷേപ പദ്ധതികളില്‍ നിന്ന് ലുലു ഗ്രൂപ്പ് പിന്‍വാങ്ങുകയായിരുന്നു. വിജയവാഡയിലും തിരുപ്പതിയിലും ലോകോത്തര നിലവാരത്തിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഉയരും. അത്യാധുനിക ഭക്ഷ്യസംസ്‌കരണ-ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളും ആന്ധ്രയില്‍ സ്ഥാപിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി.

ആന്ധ്രയിലെ പദ്ധതി നടപ്പാകാതെ വന്നതോടെ ലുലു ഗ്രൂപ്പ് നേരെ പോയത് ആന്ധ്രയില്‍ നിന്ന് വിഭജിച്ച തെലങ്കാനയിലേക്കായിരുന്നു. ഹൈദരാബാദില്‍ 300 കോടി രൂപ ചിലവാക്കി മാള്‍ പണിയുകയും ചെയ്തു. ഇതിന് പുറമേ 3000 കോടിയുടെ നിക്ഷേപം സംസ്ഥാനത്ത് ആസൂത്രണം ചെയ്തിട്ടുമുണ്ട്. കേരളത്തില്‍ ഉള്‍പ്പെടെ പുത്തന്‍ നിക്ഷേപ പദ്ധതികളുമായി യൂസഫലി മുന്നോട്ട് പോകുകയാണ്. മറ്റ് പല സംസ്ഥാനങ്ങള്‍ക്കും നിക്ഷേപ പദ്ധതികള്‍ ലഭിക്കുമ്പോള്‍ ആന്ധ്രയിലും സമാനമായ നേട്ടമുണ്ടാകണമെന്ന നായിഡുവിന്റെ ചിന്തയാണ് ലുലു ഗ്രൂപ്പിനെ വീണ്ടും ആന്ധ്രയിലേക്ക് എത്തിക്കുന്നത്.