
ബംഗളൂരു: മുൻ കാമുകന്റെ ഫോൺ കൈക്കലാക്കാൻ നാടകം കളിച്ച യുവതിയും സംഘവും പിടിയിൽ. ബംഗളൂരുവിലെ ഭോഗനഹള്ളി പ്രദേശത്തെ ഇരുപത്തിയൊൻപതുകാരിയായ പി ശ്രുതി (29) കൂട്ടാളികളായ മനോജ് കുമാർ, സുരേഷ് കുമാർ, ഹൊന്നപ്പ, വെങ്കിടേഷ് എന്നിവരാണ് പിടിയിലായത്.
യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ മുൻ കാമുകന്റെ ഫോണിലുണ്ടായിരുന്നു.ഫോൺ തട്ടിയെടുക്കാനായി 'അപകട നാടകവും' നടത്തി. അപകടം ഉണ്ടായെന്നും ഈ സമയം മോഷ്ടാക്കൾ ഫോൺ കവർന്നെന്നും യുവതി പൊലീസിനോട് പറഞ്ഞിരുന്നു.സെപ്തംബർ ഇരുപതിനായിരുന്നു കേസിനാസ്‌പദമായ സംഭവമുണ്ടായത്.
താനും മുൻ കാമുകനും സഞ്ചരിച്ച ബെക്കിൽ കാർ ഇടിച്ച ശേഷം മോഷ്ടാക്കൾ മൊബൈലുമായി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ശ്രുതി പൊലീസിനോട് പറഞ്ഞത്. എന്നാൽ യുവതി പറഞ്ഞ സ്ഥലത്ത് ആ ദിവസം അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. പകരം നാല് പേർ ബൈക്ക് തടഞ്ഞുനിർത്തി, ഫോൺ കവർന്ന ശേഷം ഓടിപ്പോകുകയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
തുടർന്ന് പൊലീസ് പ്രതിയായ മനോജിനെ പിടികൂടി. കൂട്ടാളികളോടൊപ്പം മൊബൈൽ തട്ടിപ്പറിച്ചതായി ഇയാൾ സമ്മതിക്കുകയും ശ്രുതി തനിക്ക് 1.1 ലക്ഷം രൂപ നൽകിയെന്ന് വെളിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്.
കാമുകനുമായി ബ്രേക്കപ്പായപ്പോൾ ഭാവിയിൽ അയാൾ തന്റെ സ്വകാര്യ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുമെന്ന് ഭയമുണ്ടായിരുന്നുവെന്നും അതിനാലാണ് ഇത്തരമൊരു നാടകം ആസൂത്രണം ചെയ്തതെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഫോട്ടോകൾ ഡിലീറ്റ് ചെയ്തതായി മുൻ കാമുകൻ യുവതിക്ക് ഉറപ്പ് നൽകിയിരുന്നെങ്കിലും ഫോൺ നൽകാൻ വിസമ്മതിച്ചു. ഇതാണ് സംശയത്തിനിടയാക്കിയത്. തുടർന്ന് ശ്രുതി തന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന മനോജിനോട് സഹായമഭ്യർത്ഥിക്കുകയായിരുന്നു.