wedding-saree

ഹൈദരാബാദ്: കല്യാണത്തിന് പങ്കെടുക്കാനെത്തുന്നവരുടെ കണ്ണുകൾ ആദ്യം ഉടക്കുന്നത് വധുവിലായിരിക്കും. കല്യാണപ്പെണ്ണ് അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, മേക്കപ്പ് അങ്ങനെ എല്ലാം ശ്രദ്ധനേടുകയും സംസാരവിഷയമാവുകയും ചെയ്യും. ശ്രദ്ധാകേന്ദ്രമാവുന്നതിനാൽ തന്നെ തന്റെ വിവാഹവസ്ത്രങ്ങൾ ഏറ്റവും സുന്ദരമാക്കാനും വ്യത്യസ്ത‌മാക്കാനും മിക്കവാറും പെൺകുട്ടികളും ശ്രദ്ധിക്കാറുണ്ട്. അത്തരമൊരു വിവാഹവസ്ത്രമാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. ഹൈദരാബാദിൽ നിന്നുള്ള വധു വിവാഹദിനത്തിൽ അണിയാൻ പോകുന്നത് 18 ലക്ഷം രൂപ വിലവരുന്ന സാരിയാണ്.

ഹൈദരാബാദിലെ ബിസിനസുകാരന്റെ മകളുടെ വിവാഹസാരി തയ്യാറാക്കിയത് ആറുമാസം കൊണ്ടാണ്. സ്വർണം കൊണ്ടുണ്ടാക്കിയ സാരിയാണ് ഇതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. തെലങ്കാനയിലെ സിർസിലയിൽ നിന്നുള്ള നെയ്‌തുകാരനായ നല്ല വിജയ് കുമാർ ആണ് സാരി നെയ്‌തുണ്ടാക്കിയത്. ഹാൻഡ്‌ലൂം വസ്ത്രങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് സിർസില. എന്നാൽ പൂർണമായും സ്വർണം കൊണ്ട് ഇവിടെ സാരി തയ്യാറാക്കപ്പെടുന്നത് ഇതാദ്യമായാണെന്ന് നെയ്‌തുകാർ പറയുന്നു.

പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 78,000 രൂപയാണ് ഹൈദരാബാദിൽ വില. സ്വർണക്കട്ടികളെ നേർത്ത നൂലുകളാക്കി മാറ്റിയാണ് സാരി നെയ്‌തെടുത്തത്. ഒരു ശസ്ത്രക്രിയ ചെയ്യുന്നതിന്റെ സൂക്ഷ്മതയോടെയാണ് സാരി നെയ്‌തെടുത്തതെന്ന് വിജയ് പറയുന്നു. അഞ്ചര മീറ്റർ നീളവും 49 ഇഞ്ച് വീതിയുമാണ് സാരിക്കുള്ളത്. 900 ഗ്രാമോളമാണ് സാരിയുടെ ഭാരം. സാരിയുടെ നാലിൽ ഒരു ശതമാനം സ്വർണം മാത്രമാണ്. ഒക്‌ടോബർ 17ന് വിവാഹ ദിനത്തിലായിരിക്കും സാരി പ്രദർശിപ്പിക്കുക.