marburg-virus

കിഗാണ്ടി: റുവാണ്ടയിൽ മാർബർഗ് വൈറസ് പരക്കുന്നു. ഇതിനോടകം രോഗം ബാധിച്ച് ആറ് പേർ മരിച്ചതായി റുവാണ്ട ആരോഗ്യമന്ത്രി സബിൻ സാൻസിമാൻന പറഞ്ഞു. ആരോഗ്യ പ്രവർത്തകരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇരുപതോളം പേർക്കാണ് രോഗം ബാധിച്ചതെന്നാണ് വിവരം. രോഗം ബാധിച്ചവരിൽ കൂടുതൽ ആരോഗ്യപ്രവർത്തകരാണ്.


ശുചിത്വം ഉറപ്പുവരുത്തണം, സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം, രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി അഭ്യർത്ഥിച്ചു. 2023ൽ ഇക്വറ്റോറിയൽ ഗിനിയയിൽ മാർബർഗ് വൈറസ് രോഗം സ്ഥിരീകരിച്ചിരുന്നു.


ലക്ഷണങ്ങൾ

കടുത്ത പനി, കഠിനമായ തലവേദന, വയറിളക്കം, മസ്തിഷ്‌കജ്വരം, നാഡീവ്യവസ്ഥയുടെ തകരാർ, വയറുവേദന, മലബന്ധം, രക്ത‌സ്രാവം, ഓക്കാനം, ഛർദ്ദി എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങൾ. ഇരുപത്തിയൊന്ന് ദിവസമാണ് ഇൻക്യുബേഷൻ പിരീഡ്.


'രോഗലക്ഷണങ്ങൾ ആരംഭിച്ച് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കിടയിലാണ് രക്തസ്രാവം അനുഭവപ്പെടുക. രോഗം ഗുരുതരമായാൽ രോഗലക്ഷണങ്ങൾ ആരംഭിച്ച് എട്ട് മുതൽ ഒമ്പത് ദിവസങ്ങൾക്കിടയിലാണ് മരണം സംഭവിക്കുന്നത്.'- ലോകാരോഗ്യ സംഘടന അറിയിച്ചു.

ആദ്യം ജർമനിയിൽ

1967ൽ ജർമ്മനിയിലെ മാർബർഗ് നഗരത്തിലാണ് ആദ്യമായി ഈ വൈറസ് ബാധ സ്ഥിരീകരിച്ചത്. മാർബർഗിലെ ഒരു ലബോറട്ടറിയിലേക്കെത്തിച്ച ആഫ്രിക്കൻ കുരങ്ങുകളിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടർന്നത്. പിന്നീട് ആഫ്രിക്കയുടെ പല ഭാഗത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

virus

റൂസെറ്റസ് ഈജിപ്റ്റിയാക്കസ് ഫ്രൂട്ട് വവ്വാലുകളാണ് പ്രധാനമായും വൈറസ് വാഹകർ. ഇവയിൽ നിന്ന് ആളുകളിലേക്കും മറ്റ് ജീവികളിലേക്കും രോഗം പകരുന്നു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗം പകരാം. രോഗ ബാധിതരുടെ രക്തം, സ്രവങ്ങൾ, അവയവങ്ങൾ എന്നിവയിലൂടെയാണ് രോഗം പകരുന്നത്.


ചികിത്സയുണ്ടോ?

നിലവിൽ മാർബർഗ് വൈറസിന് ഫലപ്രദമായ ചികിത്സയില്ല. വാക്സിനോ മറ്റോ ഇല്ലാത്തതിനാൽ വ്യാപനം തടയുക മാത്രമാണ് ഏക പോംവഴി. രോഗ ലക്ഷണങ്ങൾ കാണിക്കുന്നവരെ ക്വാറന്റൈനിലാക്കി പരിചരിക്കുകയാണ് ചെയ്യുന്നത്. ശരീരത്തിൽ ജലാംശം നിലനിർത്തൽ, വേദനാ സംഹാരികൾ നൽകുക തുടങ്ങിയവയൊക്കെയാണ് പ്രധാനമായും ചെയ്യുന്നത്.

virus

ഉയർന്ന മരണനിരക്കാണ് മാർബർഗ് വൈറസിനെ പേടിക്കാനുള്ള പ്രധാന കാരണം. ശരീരദ്രവങ്ങളിലൂടെ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പെട്ടെന്ന് പകരും. എന്നിരുന്നാലും, കൊവിഡ് 19 പോലുള്ളവയുമായി താരതമ്യപ്പെടുത്തമ്പോൾ വ്യാപനശേഷി കുറവാണ്.

ക്വാറന്റൈൻ അടക്കമുള്ള രോഗ നിയന്ത്രണ പ്രവർത്തനങ്ങളിലൂടെ നിർദ്ദിഷ്ട പ്രദേശങ്ങളിൽ വൈറസ് ഒതുങ്ങി നിൽക്കും. അപകട സാദ്ധ്യതയുണ്ടെങ്കിലും സമയോചിതമായ ഇടപെടലുണ്ടായാൽ ആഗോള മഹാമാരിയായി പരിണമിക്കുന്നത് തടയാൻ കഴിയും.

rwanda

'ലബോറട്ടറി ഉദ്യോഗസ്ഥർ, രോഗബാധിതരെ പരിചരിക്കുന്നവർ, മാർബർഗ് വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളുമായി സമ്പർക്കം പുലർത്തുന്നവർ ആർക്കും രോഗം ബാധിക്കാം' നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) കഴിഞ്ഞ വർഷം ഒരു റിപ്പോർട്ടിൽ പറഞ്ഞിരുന്നു.


രോഗത്തെ എങ്ങനെ തുടച്ചുനീക്കാം

'ആളുകൾ കയ്യുറകളും മറ്റും ധരിക്കണം. എല്ലാ മൃഗ ഉൽപ്പന്നങ്ങളും (രക്തവും മാംസവും) കഴിക്കുന്നതിനുമുമ്പ് നന്നായി പാകം ചെയ്യണം. 'മാർബർഗ് രോഗികളുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കണം. രോഗികളെ പരിചരിക്കുമ്പോൾ കയ്യുറകളും ഉചിതമായ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും ധരിക്കണം. രോഗികളായ ബന്ധുക്കളെ ആശുപത്രിയിൽ സന്ദർശിച്ചതിന് ശേഷവും വീട്ടിലെ രോഗികളെ പരിചരിച്ചതിന് ശേഷവും കൈ നന്നായി അണുവിമുക്തമാക്കണം.'- നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ മുന്നറിയിപ്പ് നൽകുന്നു.

മാർബർഗ് വൈറസ് രോഗത്തെ അതിജീവിച്ച പുരുഷന്മാർ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത് മുതൽ 12 മാസത്തേക്ക് ലൈംഗിക ശുചിത്വം പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു. ഒരു വർഷം അല്ലെങ്കിൽ അവരുടെ ശുക്ലം രണ്ട് തവണ മാർബർഗ് വൈറസിന് നെഗറ്റീവ് ടെസ്റ്റ് ആകുന്നതുവരെ സൂക്ഷിക്കണം.